Sunday, January 30, 2011

സ്വപ്നങ്ങളില്ലാത്തവര്‍....



കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസ്സെഞ്ചര്‍ ഔട്ടറില്‍ കിടക്കുന്നു, പരപ്പനങ്ങാടി എത്തുന്നതേയുള്ളൂ. അരിഞ്ഞ പച്ചക്കറികളും കത്തിയും കൂടി
ബാഗില്‍ എടുത്ത് വെച്ച് പത്മിനി ടീച്ചര്‍ ഇറങ്ങാന്‍ റെഡിയായി. ടീച്ചര്‍ക്കിനി റിട്ടയറാവാന്‍ രണ്ടുവര്‍ഷം കൂടിയേ ഉള്ളു. റിട്ടയമെന്റിനു ശേഷം കുടുംബത്തോടൊപ്പം കുറച്ച് നാള്‍ ബദ്ധപ്പാടുകളൊന്നുമില്ലാതെ കഴിയണമെന്ന ഒറ്റ ചിന്തയേ ഇപ്പോ ടീച്ചറുടെ സ്വപ്നങ്ങളിലുള്ളു.

“ ദാണ്ടേ അവനവിടേ നില്‍പ്പുണ്ട്” .ബാത്ത് റൂമില്‍ പോയ രേഖ ഓടിവന്നു.

“ ഇന്നലെ വാതില്‍ക്കല്‍ നിന്നും നീങ്ങി നില്‍ക്കാന്‍ പറഞ്ഞേന് എന്തോരം തെറിയാ അവന്‍ ടീച്ചറെ വിളിച്ചത്. വാ..ഇന്നവനെ
നമുക്ക് ശരിയാക്കാം. തെണ്ടി ,അസത്ത്..”. വെറുപ്പും വിദ്വേഷവും കൊണ്ട് രേഖയുടെ വെളുത്ത് സുന്ദരമായ മുഖം കറുത്ത് കരുവാളിച്ച് പോയിരുന്നു.

സാരല്ല ടീച്ചറെ..വിട്ടേക്ക് അവനന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാവും അല്ലേലും ചീത്തവാക്കുകളല്ലാതെ അവനു വേറെ എന്താനു അറിയുന്നുണ്ടാവുക.അവന് ചുറ്റും എന്നും അതല്ലെ ഉണ്ടാകൂ.

എന്നെയൊന്നു അമര്‍ത്തി നോക്കി ടീച്ചറും രേഖയും ഇറങ്ങിപ്പോയി..

പരപ്പനങ്ങാടിയില്‍ നിന്നും ആരും കയറാനുണ്ടായിരുന്നില്ല. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ എണിറ്റ് വാതിലിനരുകിലേക്ക് ചെന്നു.

പുറം കൈ കൊണ്ട് കണ്ണുനീര്‍ തുടച്ച് അവനവിടെ നില്‍പ്പുണ്ട്. 10-12 വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. കുടുക്കുകളഴിഞ്ഞു പോയ ട്രൌസര്‍ ഒരു ചാക്ക് നൂല്‍ കൊണ്ട് അരയില്‍ കെട്ടി വെച്ചിരിക്കുന്നു. എണ്ണമയമില്ലാത്ത പാറിപ്പറന്ന തലമുടി. പിഞ്ഞിത്തുടങ്ങിയ ഷര്‍ട്ടിന്റെ
പാതി കീറിയ കീശയില്‍ ഒരു പരിപ്പു വടയുടെ വക്കടര്‍ന്നുപോയ കഷണം. അതവന്‍ കൈകൊണ്ട് പൊത്തിപ്പിടിച്ചിരിക്കുന്നു താഴെ വീണു പോകാതിരിക്കാന്‍.

നീയെന്തിനാ അവരെ അങ്ങനെ വിളിച്ചെ..? നിന്റെ അമ്മയാകാന്‍ പ്രായമില്ലേ അവര്‍ക്ക്..? എന്ന എന്റെ ചോദ്യത്തിനു നേരെ അവന്‍
രൂക്ഷമായി നോക്കി. അന്നേരത്തെ അവന്റെ കണ്ണിലെ തീ കണ്ട് ഞാന്‍ അമ്പരന്ന് പോയി.

എന്റെ മകനിപ്പോ ഫേസ് ബുക്കില്‍ സിറ്റിവില്ല കെട്ടുകയാവും.ഇവനോ ...? ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്ക് തുറക്കുന്ന ഈ വാതിലിനരികില്‍ തനിച്ച്....

എന്റെ കൂടെ പോരുന്നോ എന്ന എന്റെ ചൊദ്യത്തിനു നേരെ അവന്‍ തലയിളക്കി. “മുടിയാത് ,എനക്ക് തങ്കച്ചിയിരുക്ക്, ശെല്‍വി.”
അവന്‍ കീശയിലെ പരിപ്പുവടക്കഷ്ണം ഒന്നൂടെ വിരലുകള്‍ കൊണ്ട് താഴേക്കമര്‍ത്തിപ്പിടിച്ചു. ഞാന്‍ കൊടുത്ത രൂപ അവന്‍ ട്രൌസറിന്റെ ഉള്ളിലെവിടെയോ ഭദ്രമായി വെച്ചു. “ചിറ്റപ്പാ കണ്ടാല്‍ പിടിച്ച് വാങ്ങും. തണ്ണിയടിച്ച് ഞങ്ങളെ തല്ലും. നോക്കിക്കോ ഒരുദിവസം ഞാനയാളെ കൊല്ലും”

വണ്ടിയുടെ കുലുക്കത്തിനിടയിലും അവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.

തിരൂരെത്തിയപ്പോള്‍ എന്റെ കൈ പതുക്കെ തോളില്‍ നിന്നും എടുത്തു മാറ്റി അവന്‍ പ്ലാറ്റ്ഫോമിലേക്ക് ചാടി.ഒന്നു തിരിഞ്ഞ് നോക്കി ചിരിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു.

എവിടെ അവന്റെ ശെല്‍വി, അമ്മ ....കണ്ണുനീരിന്റെ നേരിയ പാടയിലൂടെ എനിക്കൊന്നും തെളിഞ്ഞ് കാണുന്നുണ്ടായിരുന്നില്ല്ല. വണ്ടി നീങ്ങാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ യാത്ര തുടരുകയാണു.....

Wednesday, January 19, 2011

തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!

ഹിമാചല്‍ പ്രദേശില്‍, മണാലിയില്‍ ഒരമ്പലമുണ്ട്. ഹഡിംബാ ടെമ്പിള്‍. ഇടതൂര്‍ന്ന അശോക മരങ്ങള്‍ക്കിടയില്‍,
സൂര്യന്‍ പോലും കടക്കാന്‍ മടിക്കുന്നിടത്ത് ഒറ്റപ്പെട്ട് ഒരമ്പലം. ഉറഞ്ഞുകിടക്കുന്ന നിശബ്ദതയാണു ചുറ്റിലും.


നാലുനിലയില്‍ മരംകൊണ്ട് നിര്‍മ്മിച്ച ,പഗോഡ മാതൃകയിലുള്ള ഒരമ്പലം! വിഗ്രഹമൊന്നുമില്ല അവിടെ. കരിയിലകളെ വകഞ്ഞു മാറ്റി പടികള്‍ കയറി ചെന്നാല്‍ കാണാം ഒരു പീഠത്തില്‍ ഒരു കാല്പാദം കൊത്തിവെച്ചിരിക്കുന്നു. രാക്ഷസീയാകാരം!!
ശൂന്യതയിലേക്കാണു കാല്‍ എടുത്ത് വെച്ചിരിക്കുന്നത്!!. കരിങ്കല്ലില്‍ തീര്‍ത്ത ചുറ്റുമതിലും വിളക്കും. ചുറ്റിനും പരന്ന് കിടക്കുന്ന മൌനത്തെ മായ്ച്ച്
കളയാന്‍ ഒരു മണി പോലുമില്ല എവിടേയും!!!

അതെ, ഇത് ഹിഡുംബി. പാണ്ഡവരുടെ വനവാസക്കാലത്തെ ഒരദ്ധ്യായം. അവിടെയങ്ങനെ നോക്കി നിന്നപ്പോള്‍
സങ്കടം തോന്നി എനിക്ക്, നിഷേധിക്കപ്പെട്ട സ്നേഹത്തെ ഓര്‍ത്ത്... തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്നെ ഒരു ചിലങ്കയുടെ നാദം
പിടിച്ച് നിര്‍ത്തി. ആരുമില്ല ചുറ്റിനും...അപ്പോ പിന്നെ.....
തിരിഞ്ഞു നോക്കിയപ്പോ പീഠത്തില്‍ ഒരു സ്ത്രീ!! ! എന്റെ നോട്ടം കണ്ട് അവളൊന്ന് ഇളകിയിരുന്നു, കണ്ണിറുക്കി വലം കാല്‍ മുന്നോട്ട് നീട്ടിക്കാണിച്ചു. ആ കാലിലൊരു ചിലങ്കയുണ്ടായിരുന്നു. വെളുത്ത അസ്ഥിക്കഷ്ണങ്ങള്‍ കൊരുത്ത ഒന്ന്!!!!
“എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങനെ സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,
നില്‍ക്ക് ഞാന്‍ പറയട്ടെ...”

അടുത്ത് കണ്ട ഒരു പാറക്കല്ലിലേക്ക് കയറിയിരുന്ന എന്ന നോക്കി അവള്‍ ചിരിച്ചു, മണികിലുങ്ങുന്ന പോലെ.

അശോക മരത്തിനുള്ളിലൂടെ ഓടിവന്ന ഹിഡൂംബി ,പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന ഭീമന്റെ മടിയിലേക്ക് ചാഞ്ഞു.
അവളുടെ കൈയ്യില്‍ ഒളിപ്പിച്ച് പിടിച്ചിരുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു.അതവനെ കാണിക്കാനായിരുന്നു അവളോടിവന്നത്.
ആ കണ്ണാടിയില്‍ നോക്കിയാല്‍ തങ്ങള്‍ക്കേറ്റവും ഇഷ്ട്ടമുള്ള ആളുടെ മുഖം അതില്‍ തെളിഞ്ഞു വരും.!!!
അവള്‍ക്കുറപ്പായിരുന്നു,ഭീമന്‍ നോക്കിയാല്‍ ഉറപ്പായും തന്റെ മുഖമാവും കാണുക എന്ന്.
തീരേ താല്പര്യം കാട്ടാതിരുന്ന ഭീമന്റെ മുഖത്തിനു നേരെ പിടിച്ച് കണ്ണാടിയില്‍ തെളിഞ്ഞ മുഖം കണ്ട് ,
ഹിഡുംബി ,അശോക മരത്തിനിടയിലെ ഇരുട്ടിലേക്ക് തന്നെ ആര്‍ത്തലച്ച് ഓടിപ്പോയി.
തനിക്ക് പകരം അവളവിടെ കണ്ടത് പാ‍ഞ്ചാലിയുടെ മുഖമായിരുന്നു.

ഒന്നും മിണ്ടാതെ പാറയില്‍ നിന്നുമെണീറ്റ് ഞാന്‍ അവളോടിപ്പോയ വഴിയിലൂടെ മെല്ലെ പുറത്തേക്ക് നടന്നു.....

മനുഷ്യനായാലും രാക്ഷസനായാലും സ്നേഹത്തിന്റെ ഭാഷ ഒന്നു തന്നെ.അതിനു പ്രത്യേകിച്ച് ലിപിയൊന്നുമില്ല.അതിങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്നോളും.

ഇതേ ഹിഡുംബിയില്‍ തന്നെയാണു ഭീമനു ഒരു മകനുണ്ടാകുന്നത് !!! ഘടോല്‍ക്കചന്‍.
കുട്ടികളുണ്ടാകാന്‍ പ്രണയം വേണമെന്നില്ല.

തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....
--

Tuesday, January 11, 2011

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി...

ഒറ്റക്കുള്ള യാത്രകളാണു സുഖം. അവനവനിലേക്ക് തന്നെ തലയും പൂഴ്ത്തി, ചുറ്റുമുള്ള കാഴ്ചകളെ നമ്മുടെ കണ്ണിലൂടെ മാത്രം കണ്ട് അറിഞ്ഞ് അങ്ങനേ... അങ്ങനെയുള്ള ഒരു യാത്രയിലാണു ഞാനയാളെ കാണുന്നത്. ആലം മുഹമ്മദ്.എന്നെ പിറകിലിരുത്തി അയാള്‍ റിക്ഷ ചവിട്ടുകയാണു.



പതുക്കെ മൂളുന്നുണ്ട്.... മേരാ സപ്നോം കീ റാണീ ജൈസീ കോയീ നഹീ...
യമുനയുടെ കരയിലൂടെ, കോട്ടമതിലിനെ ചുറ്റി ബാലൂഗഞ്ചിലേക്ക്.അങ്ങകലെ താജിന്റെ മകുടം കാണാനുണ്ട്.
പ്യാര്‍ കിയാഥാ ആപ് കഭി ഭി?
എന്റെ ചോദ്യം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. “ഹം ആം ആദ്മികോ ക്യാ പ്യാര്‍ഹേ ബേട്ടേ... സിര്‍ഫ് ജീനാ...”

കിനാരീ ബസാറിലെ തിരക്കുകള്‍ക്കിടയിലൂടെ റിക്ഷ നീങ്ങുമ്പോള്‍ എന്തോ ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായിരുന്നു. കുറച്കകലെ ഒരു ഗലിയുടെ മുന്നില്‍ റിക്ഷ നിര്‍ത്തി അയാളകത്തേക്ക് കടന്നു.“ആജാ ബേട്ടേ...“ ”യേ ഹേ ഹമാരാ സോനാര്‍ഗല്ലി“ ഇടുങ്ങിയ വഴിയിലൂടെ അകത്തേക്ക് കടന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു ലോകമിങ്ങനെ, അനേകം കൈവഴികളായി പിരിഞ്ഞ്, ചാഞ്ഞും ചെരിഞ്ഞും കിടക്കുന്നു. രണ്ടു വശത്തും ബില്‍ഡിങ്ങുകളാണു കാലപ്പഴക്കം കൊണ്ട് വിണ്ട് കീറിയവ, മുകളില്‍ ഒരു കീറ് ആകാശം, നരച്ച് വിളറി നിശ്ചലമായ്. പക്ഷെ താഴെ ശരിക്കും ജീവിതം ഇരമ്പിയാര്‍ക്കുകയാണ്. അവിടെ കിട്ടാത്ത സാധനങ്ങളില്ല. ഇതിനിടെ എന്റെ വഴികാട്ടി ഒരു കൊച്ചുവാതില്‍ തള്ളിത്തുറന്നിരുന്നു. അയാള്‍ക്ക് പിന്നാലെ ഞാനകത്തേക്ക് കടന്നു. ഒരു കൊച്ചുമുറ്റം, രണ്ടു സ്ത്രീകളിരുന്ന് റോട്ടിയുണ്ടാക്കുന്നു. ആലമിനെ കണ്ട് അവര്‍ എണീറ്റു. മുറ്റത്തിട്ട ചാര്‍പായില്‍ ഒരു സ്ത്രീ കിടക്കുന്നു. ആലം അവരുടെ അടുത്തെക്ക് ചെന്ന് അവരെ തന്നിലേക്ക് ചേര്‍ത്തിരുത്തി. ‘ദവാ ഖായി തുനേ, യേ ദേഖ്..കോന്‍ ആയി”. എന്നെ കണ്ടപ്പോ അവരുടെ കണ്ണുകള്‍ വിടര്‍ന്നു, ഒരു തുള്ളി കണ്ണുനീര്‍ എന്റെ കൈത്തണ്ടയില്‍ വീണു ചിതറി.ആലമിന്റെ പോത്തി(പേരക്കുട്ടി) എനിക്ക് ചായ കൊണ്ടുതന്നു. ഒരു കൊച്ചു സുന്ദരി.നാളെയെപറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു

അവളുടെ കണ്ണുകളില്‍ നിറയെ...ആ ഒറ്റമുറി വീട്ടില്‍ ആലമിന്റെ രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമായ് എട്ടൊമ്പത് പേര്‍!!! തിരിച്ച് സദര്‍ബസാറിലേക്ക് റിക്ഷ ചവിട്ടുന്നതിനിടെ ആലം അയാളുടെ കഥ പറഞ്ഞു

അധികാര വും സമ്പത്തും കൊണ്ട് മത്തുപിടിച്ചവര്‍ പാവപ്പെട്ടവരുടെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ച് കടന്നുപോകുന്നതിനെ പറ്റി, അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാനാവാത്ത തങ്ങളുടെ നിസ്സഹായതയെ പറ്റി. ജനിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലായിരുന്നു, തുര്‍ക്കുമാന്‍ ഗേറ്റിനു പിന്നിലെ ചേരിയില്‍.അന്ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയായിരുന്നെങ്കിലും ഡല്‍ഹി ഭരിച്ചിരുന്നത് മകനായിരുന്നു. യുവരാജാവിനു പെട്ടെന്നൊരു ദിവസം ഡല്‍ഹിക്ക് ഭംഗി പോരാന്നു തോന്നി. ഡല്‍ഹിയെ സുന്ദരിയാക്കാനും ചേരികളിങ്ങനെ വളരുന്നത് തടയാനും കണ്ടു പിടിച്ച വഴി, അത് ചരിത്രം നമുക്കറിയാവുന്നത്. പക്ഷേ ആ ശ്രമത്തിനിടയില്‍ ചിതറിത്തെറിച്ച് പോയ കുറെ ജീവിതങ്ങള്‍. അവരുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ അതാരും കണ്ടില്ല. അന്നത്തെ വെടിവെപ്പില്‍ ആലമിന്റെ ബന്ധുക്കള്‍ പലരും മരിച്ചു, ആലം ഭാര്യയേയും കൂട്ടി ആഗ്രക്കു പോന്നു. ഇവിടെ ഭാര്യ്യയുടെ ബന്ധുക്കളുണ്ട്. ഏതെങ്കിലും തുകല്‍ ഫാക്റ്ററീല്‍ പണിയും കിട്ടും.മുറിവുകളൊക്കെ ഉണങ്ങി ജീവിതം ഒരുവിധം പച്ചപിടിച്ചുവരുമ്പോഴേക്കും വീണ്ടും ദുരന്തം ആ കുടുംബത്തിനു നേരെ വന്നു.ഒരുദിവസം സ്കൂളിലേക്ക് പോയ ആലമിന്റെ മകള്‍ തിരിച്ച് വന്നില്ല, പിറ്റേന്ന് ബോഡി കിട്ടി, ആഗ്ര ദില്ലി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, അതോടെ ഭാര്യ രോഗിയായ്. ഇപ്പൊ അവരുടെ പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ പേരക്കുട്ടിയാണു, മകന്റെ മകള്‍, നന്നായി പഠിക്കും. ആലം സൈക്കിള്‍ നിര്‍ത്തി എന്നെ തിരിഞ്ഞു നോക്കി, നേരത്തെ നീ വന്നു റിക്ഷേല്‍ കേറിയപ്പോ എന്റെ നസ്രീനാണെന്നു കരുതിപ്പോയ് ഞാന്‍, നീയെന്നെ നോക്കി ചിരിച്ചപ്പോ എന്റെ മോള്‍ എന്നെ തൊട്ടപോലെ തോന്നിയെനിക്ക്. നിറഞ്ഞു പോയ എന്റെ കണ്ണുകള്‍ അയാള്‍ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ മുഖം തിരിച്ച് കളഞ്ഞു.

സദര്‍ബസാറില്‍ എന്നെയിറക്കി തിരിച്ചു പോകുമ്പോള്‍ ഞാന്‍ നീട്ടിയ കാശയാള്‍ വാങ്ങിയില്ല, ജീത്തേ രഹോ ബേട്ടേ..., ഖുദാ ഹാഫിസ്. അയാള്‍ സൈക്കിള്‍ മെല്ലെ ചവിട്ടി“.
ആവാരാഹും.....”

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണു.കാണുന്ന സ്ഥലങ്ങള്‍ ആളുകള്‍,അവരുടെ ജീവിതരീതി,ഒക്കെ വേറെ വേറെ.അവരുടേ വേദനകളും സന്തോഷങ്ങളും സ്വപ്നങ്ങളും ഒക്കെ ഒന്നിനൊന്ന് വ്യത്യസ്തം .ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന കണ്ണിലൂടെയാണു ഞാനന്ന് അതൊക്കെ കണ്ടത്. എന്റെ ഉള്ളിലെ എന്നെ മാറ്റിമറിച്ചിരുന്നു അതൊക്കെയും! ഞാനത് അപ്പോള്‍ അറിഞ്ഞിരുന്നില്ലെന്ന്മാത്രം!

അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!!!

Monday, January 3, 2011

എങ്കിലും എന്റെ സോദരാ..നിനക്കെന്ത് പറ്റി..?

India is my country. All indians are my brothers and sisters...

പണ്ട് അസംബ്ലിയില്‍ പൊരിവെയിലത്ത് നിന്നു കൈ മുന്നോട്ട് നീട്ടിപ്പിടിച്ച് നാം ചൊല്ലിയിരുന്നതാണിത്. എങ്കിലെങ്ങനെ
പെങ്ങളേ ഞാന്‍ നിന്നെ കെട്ടും എന്നൊരു പാളിനോട്ടം അപ്പുറത്തെ വരിയില്‍ നിന്നും ഇപ്പുറത്തെ വരിയിലേക്ക് പാറിവീഴാറുണ്ടേലും
നമ്മുടെ മനസ്സുകളില്‍ ആ വരികള്‍ ഉണര്‍ത്തി വിട്ട സ്വാധീനം വലുതാണു.അതുകൊണ്ട് തന്നെയാണു മറ്റുള്ളവരുടെ വേദനകള്‍ നമ്മുടെ
വേദനയായതും, അവരുടെ സന്തോഷങ്ങള്‍ നമ്മുടേം കൂടെ സന്തോഷങ്ങളായതും.പക്ഷേ ഇപ്പോഴോ..?അതങ്ങനെതന്നെയാണോ..?

ഒരാഴ്ച്ച മുന്‍പ് ഒരു പത്രവാര്‍ത്ത. തന്നെ ശല്യം ചെയ്ത യുവാവിനെ യുവതി ഓടിച്ചിട്ട് പിടിച്ച് തല്ലി. അവിടെ കൂടിയവരെല്ലാം കാഴ്ച്ചക്കാരായ് നോക്കി നിന്നു.
അവനെ അച്ചാലും മുച്ചാലും തല്ലുന്നത് കണ്ടിട്ടും ഒറ്റ ആണൊരുത്തനും ചോദിച്ചില്ല “ എന്താ പെങ്ങളേ സംഭവം?
ആരും അവനെ ചോദ്യം ചെയ്തില്ല. സ്റ്റാര്‍ സിംഗറും വനിതാരത്നവും കാണുന്ന ലാഘവത്തോടേ കണ്ടുനിന്നു എല്ലാവരും.

തീര്‍ന്നില്ല.ഇന്നലെ ബലരാമപുരത്ത് ഒരുത്തന്‍ എല്ലാവരും കാണ്‍കെ കെട്ടിത്തൂങ്ങി. തൂങ്ങിയാടിയ ആളെ ഒന്നു പിടിച്ച് പൊക്കാനോ കയററുത്ത് താഴെയിടാനോ
ഒറ്റയൊരുത്തനും അനങ്ങിയില്ല.നിങ്ങള്‍ വിചാരിച്ചോ അയാള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയിലെന്ന വണ്ണം തിരിച്ച് എണിറ്റ് വരുമെന്ന്..?

കുറച്ച് മുന്‍പ് ഒരു ചെറുപ്പക്കാരന്‍ ലോറിയിടിച്ച് അരമണിക്കൂര്‍ ചോരവാര്‍ന്ന് റോഡില്‍ കിടന്നു, പൂര്‍ണ്ണ ബോധത്തോടെ. കാഴ്ച്ചക്കാരായ് കൂടിനിന്നവരാരും
അയാളെ ആശുപത്രിയില്‍ കൊണ്ട്പോയില്ലയെന്ന്. എന്താ പറ്റുന്നേ നമുക്ക്..?
മരിച്ച് പോകും എന്ന ഭയത്തേക്കാള്‍ അയാളേ വേദനിപ്പിച്ചിട്ടുണ്ടാകുക, ആ സമയത്തെ തീവ്രമായ ഏകാന്തതയാണു.ഒന്നൂല്ലടാ.., നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്നും പറഞ്ഞ്
ആരേലും അവനെ മാറോടടുക്കി ഒരു മാത്ര പിടിച്ചിരുന്നേല്‍ ,ഒരു പക്ഷേ അവന്റെ മരണമെങ്കിലും ശാന്തതയോടെ ആകുമായിരുന്നില്ലേ..?

എപ്പോള്‍ എവിടെ വെച്ചാണു നാമീവിധം മാറിപ്പോയത്? ഒരു കല്യാണവീട്ടിലായാലും ഒരു ദുരന്തമുഖത്തായാലും ഒരേ പോലെ മൈക്കും നീട്ടിപ്പിടിച്ച്
“പറയൂ എന്താണിപ്പോള്‍ അവിടത്തെ ഒരു അവസ്ഥ..?”എന്നു യാതൊരു ഉളുപ്പുമില്ലാതെ ചോദിക്കുന്ന ചാനല്‍ പിശാചുക്കളുടെ
ആധിക്യം മൂലമാണോ..?അതോ ലോകത്ത് എന്തു നടന്നാലും എനിക്കൊരു ചുക്കുമില്ല എന്ന അഹന്ത കാരണമൊ..?

പൊടി പിടിച്ച നമ്മുടെ മനസ്സുകളെ നമുക്കൊന്നു തട്ടിക്കുടഞ്ഞ് വെക്കാം. സ്നേഹവും സാന്ത്വനവും തളിച്ച് കണ്ണാടി പോലെ തിളക്കമുള്ളതാക്കാം നമുക്കതിനെ.