Saturday, May 14, 2011

അപരന്‍


ഓരോ മനുഷ്യനും അവന്റെയുള്ളില്‍ പണിതീര്‍ക്കുന്ന സ്വകാര്യവും ഏകാന്തവുമായ ലോകങ്ങളെ
പറ്റിയാണു ദസ്തേവിസ്കി തന്റെ വിഖ്യാതമായ “ ഡബിള്‍ “എന്ന നോവലിലൂടെ പറയുന്നത്.
തന്റെ ഉള്ളില്‍ തന്നോട് തന്നെ പൊരുതുകയും രമിക്കുകയും ചെയ്യുന്ന ദ്വന്ദവ്യക്തിത്വങ്ങള്‍ !

പക്ഷേ ..ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തന്താങ്ങളുടെ ഉള്ളിലെ തന്നെ പറ്റിയല്ല. മറിച്ച്
തന്നെ പോലെ വേറൊരാള്‍ ;തികച്ചും വേറൊരാള്‍ !! അയാളുണ്ടാക്കുന്ന പ്രശ്നങ്ങള്‍.
ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
നിന്നെ പോലെ തന്നെ ഒരാളെ ഞാനിന്ന് കണ്ടു എന്ന് പറയപ്പെട്ടാല്‍ തെല്ലും അവിശ്വസിക്കേണ്ടതില്ല തന്നെ.
കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്ത് നിന്നും ഒരു ദിവസം പൊടുന്നനെ അയാള്‍ പ്രത്യക്ഷപ്പെട്ടേക്കാം...
കരുതിയിരിക്കുക.

സ്കൂള്‍ വിട്ട് നേരത്തെയെത്തിയ ഞാന്‍ അടുക്കളയിലെക്കോടി. അടുക്കളതിണ്ണയിലിരുന്നു മാധവന്‍ ചായ കുടിക്കുന്നു.

“ഞാന്‍ അങ്ങാടീ പോകാ...കുട്ടിക്കെന്തേ വേണ്ടത്..?”
“ന്റെ മഷി തീര്‍ന്നു. ഒരു മഷിക്കുപ്പി വാങ്ങിച്ചൊ..നീ..ല.”
മാധവന്റെ മുന്‍പിലിരിക്കുന്ന പാത്രത്തില്‍ നിന്നും അവില്‍ നനച്ചത് വാരി വായിലിടവേ ഞാന്‍ വിക്കി.

“ എടീ അതവന്‍ തിന്നോട്ടെ, നിനക്ക് വേറെ തരാം.” അടുക്കളയില്‍ നിന്നും ഉമ്മ ഒച്ചയിട്ടു.

തന്റെ വയറ്റിലെ സിക്സ് പാക്ക് മസില്‍ തൊട്ടുഴിഞ്ഞ് , നീ തിന്നോടീ ഞാന്‍ ഫിറ്റാ എന്നു മാധവന്‍ കണ്ണിറുക്കി.

നല്ലൊരു ചെറുപ്പക്കാരനായിരുന്നു മാധവന്‍, എല്ലാ പണികളും ചെയ്യും. വൈകീട്ട് അങ്ങാടീ പൊകുമ്പോ ചുറ്റുമുള്ള
വീട്ടുകാര്‍ക്ക് അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങിക്കലടക്കം. ഭാര്യ കുഞ്ഞമ്മു, രണ്ട് മക്കള്‍. മാധവന്റെ അമ്മ മീനാക്ഷിയമ്മയും അവരുടെ കൂടെ തന്നെ. തള്ളയുടെ നാക്കിനു എല്ലില്ല.വേണ്ടാത്തതേ പറയൂ.

“ ഞാന്‍ വെക്കം വരൂട്ടോ , യ്യ് ഉറങ്ങിക്കളയല്ലേ..എന്നും പറഞ്ഞ് ചാറ്റല്‍ മഴയിലെക്കിറങ്ങിയ മാധവനെ
ഞാന്‍ പിന്‍ വിളി വിളിച്ചു.
“ ന്നാ കുട ,മഴ കൊള്ളണ്ട.”
“ നീ പോടീ..ദ് കണ്ടാ.. വലത്തെ കൈയ് മുകളിലേക്ക് മടക്കി മസിലുകള്‍ മുകളിലേക്ക് ഉരുട്ടി കയറ്റി
മാധവന്‍ ചിരിച്ചു. “ എനക്ക് പനിയൊന്നും പിടിക്കൂലാ..

ചാറ്റല്‍ മഴയിലൂടെ നെഞ്ചു വിരിച്ച് കൈകള്‍ വീശി നടന്നകലുന്ന മാധവനെ ഞാന്‍ നോക്കി നിന്നു.

പിന്നീട് ഞാന്‍ മാധവനെ കാണുന്നത് ഒരാഴ്ച കഴിഞ്ഞിട്ട്. കുഞ്ഞമ്മുവിന്റെയും മീനാക്ഷിയമ്മയുടേയും
അലമുറകള്‍ക്ക് നടുവില്‍ , അവരുടെ ഓലക്കുടിലിന്റെ അകത്തളത്തില്‍ നിലത്ത് വിരിച്ച പായയില്‍ മാധവന്‍ കിടന്നു. തന്റെ മസിലുകള്‍ പെരുപ്പിക്കാനാവാതെ തണുത്ത് വിറങ്ങലിച്ച്...

അന്ന് വൈകീട്ട്, സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിക്ക്, മഴയില്‍ വഴുക്കി കിടന്ന പാറയില്‍ തലയിടിച്ച് വീണതാണു.

കുഞ്ഞമ്മുവും മക്കളും പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ച് വന്നു. കുഞ്ഞമ്മു പണിക്ക് പോയി തുടങ്ങി.ഇടക്ക് വീട്ടില്‍ വരും. ഓണവും വിഷുവും പെരുന്നാളുമൊക്കെ പലകുറി വന്നു പോയി. ആയിടക്കാണു പൊടുന്നനെ ഒരാള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എവിടന്നോ വന്ന ഒരാള്‍. കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ചിലര്‍ അയാളെ തൊട്ട് നോക്കി. വിശ്വാസം വരാതെ അയാളുടെ ബനിയന്‍ പൊക്കി വയറ്റിലെ മസിലില്‍ തെരുപ്പിടിപ്പിച്ചു.
ഇദ് ഓന്‍ തന്നെ,മാധവന്‍ !!!
അയാളെ കണ്ടതും മീനാക്ഷിയമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചു
“ ന്റെ മാദവാ....”

ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന കുഞ്ഞമ്മു മക്കളെയും പൊത്തിപ്പിടിച്ച് കാറ്റുപോലെ അകത്തേക്ക് പാഞ്ഞുപോയി. അവളുടെ ഉള്ളില്‍ അന്നേരം ഇടിവെട്ടി പേമാരി പെയ്തിട്ടുണ്ടാവണം.

ജോസ്, അതായിരുന്നു അയാളുടെ പേര്. മെല്ലെ അയാളും ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി.

ഒന്‍പതാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ തുടങ്ങുകയാണു നാളെ..തലകുത്തിനിന്നു പഠിക്കുകയാണു ഞാന്‍. വീട്ടിലാരും ഇല്ല. തുറന്നിട്ട വാതിലിലൂടെ മീനാക്ഷിയമ്മ ,കുഞ്ഞമ്മുവിനേ മുറിയിലേക്ക് തള്ളിക്കയറ്റി. വന്നപാടെ ഒരു മൂലയില്‍
കുന്തിച്ചിരുന്ന കുഞ്ഞമ്മുവിനു നേരെ നോക്കി തള്ള മുരണ്ടു. “അസത്ത് . കൊറേ ദിവസായ് ഇവക്ക് വയ്യായ്ക.
കൊല്ലും ഞാന്‍ അശ്രീകരത്തിനെ..” ആ ജോസിനെ കാണാതായ അന്നുമുതല്‍ക്ക് തൊടങ്ങീതാണു ഇവക്ക് ദെണ്ണം.“


മടിക്കുത്തില്‍ നിന്നും ഒരു വലിച്ചെടുത്ത ഒരു മരുന്ന് ശീട്ട് എന്റെ നേരെ നീട്ടി “നീയിതൊന്നു വായിച്ചാണ്, എന്താ ഡാകിട്ടര് എഴുതീര്‍ക്ക്ണ്”

ശീട്ട് വായിച്ച് ഞാന്‍ കുഞ്ഞമ്മുവിനെ നോക്കി. കുനിഞ്ഞിരിക്കുകയായിരുന്ന അവള്‍ പതുക്കെ തലയുയര്‍ത്തി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു നിന്നു. എന്തായിരുന്നു അവളുടെ കണ്ണുകളില്‍ അപ്പോള്‍?
വേദന, നിസ്സഹായത , ചതിക്കപ്പെട്ടതിലുള്ള രോഷം , അപമാനം.എല്ലാം കൂടെ...
ആ ഒരു നിമിഷത്തില്‍, പൊടുന്നനെ ഞാനവളുടെ അമ്മയായ്, സഹോദരിയായ്, അവളൊളം മുതിര്‍ന്ന കൂട്ടുകാരിയായ്....

മരുന്ന് ശീട്ട് അലമാരയില്‍ വെച്ച് പൂട്ടുന്നതിനിടെ ഞാന്‍ മീനാക്ഷിയമ്മയോട് പറഞ്ഞു
“ ഇതെനിക്ക് വായിക്കാനാകുന്നില്ല, ഇംഗ്ലീഷിലാ..ഉമ്മ വരട്ടെ കൊടുക്കാം.”
കുഞ്ഞമ്മുവിനേയും വലിച്ച് പോകുന്നതിനിടെ തള്ള എന്നേയും ഇപ്പഴത്തെ കാലത്തെ പഠിപ്പിനേയും പ്രാകുന്നുണ്ടായിരുന്നു. പടി കടക്കുന്നതിനിടെ തിരിഞ്ഞ് നിന്ന കുഞ്ഞമ്മുവിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴെ വീണു ചിതറി.

കഥയുടെ ബാക്കി എന്നോടാരും പറഞ്ഞില്ല. ഞാനതൊന്നും അറിയാന്‍ പാടില്ലല്ലോ. ഞാന്‍ കുട്ടിയല്ലെ. അടുക്കളപ്പുറത്തെ മുറുമുറുപ്പുകളില്‍ നിന്നും ഇടക്ക് കുഞ്ഞിപ്പെണ്ണ് തോണ്ടിക്കൊണ്ട് വരുന്ന നുറുങ്ങുകളില്‍ നിന്നും ഞാന്‍ തനിയെ അത് പൂരിപ്പിക്കുകയായിരുന്നു.


മാധവന്റെ അതേ രൂപത്തിലും ഭാവത്തിലും നാട്ടുംപുറത്ത് പ്രത്യക്ഷപ്പെട്ട അയാള്‍ പതിയെ നടന്നു കയറിയത് കുഞ്ഞമ്മുവിന്റെ മനസ്സിലേക്കായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹത്താല്‍ ഒരു മാത്ര അവള്‍ തന്നെ തന്നെ മറന്നുപൊയിട്ടുണ്ടാവണം. പ്രണയത്തിനും രതിക്കുമൊക്കെ വഞ്ചനയുടെ മുഖം കൂടിയുണ്ടെന്ന് അവള്‍ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.

എന്തായാലും കുഞ്ഞമ്മു നാട്ടുകാരുടെയും മീനാക്ഷിയമ്മയുടെയും മുന്നില്‍ അപമാനിതയായില്ല. അവള്‍ക്ക് പറ്റിയ തെറ്റ് അവള്‍ മായ്ച്ക് കളഞ്ഞു. ഇനിയൊരിക്കലും ആര്‍ക്കും ഒരു ചലനവും ഉണ്ടാക്കാന്‍ പറ്റാത്ത വിധത്തില്‍ അവള്‍ അവളുടെ മനസ്സ് പൂട്ടി മുദ്ര വെച്ചിട്ടുണ്ടാകും .

മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെയായ് അവള്‍ സുഖമായ് കഴിയുന്നു. എന്നാലും ആന്തരികമായ് അവള്‍ വല്ലാതെ ഒറ്റക്കാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും എനിക്ക്. , മാധവനുണ്ടാകുമായിരിക്കുമല്ലേ അവിടെ ; ജോസും....