Wednesday, December 18, 2013

അതിശയക്കാറ്റ്!!

നിനച്ചിരിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വട്ടം പിടിച്ച് അഴിഞ്ഞ് വീണ മുടിച്ചുരുളുകളെ വകഞ്ഞ് മാറ്റി പിൻ കഴുത്തിൽ  ഉമ്മ വെക്കുന്ന ഈ കാറ്റിനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ..! ഞാനിവിടെ വരുമ്പോഴൊക്കെയും ഈ കാറ്റുണ്ട് ഇവിടെ. ഗ്രാമത്തിനു മുകളിലൂടെ വട്ടം പറന്ന് , തെരുവുകൾക്കീടയിലൂടെ ചുറ്റി, ജനൽ‌പ്പടിയിൽ വന്ന് മുട്ടിത്തിരിയുന്ന കാറ്റ് !! ഇക്കാണുന്ന കാറ്റൊക്കെയും എവിടുന്ന് വരുന്നുവെന്ന് കണ്ണു മിഴിക്കുന്ന നേരം കൊണ്ട്  ഒരു കാറ്റ് വന്ന് നമ്മുടെ  കണ്ണു പൊത്തിക്കളയും !!!



തെന്റ്രൽ, തമിഴ്, താമരഭരണി . ഈ മൂന്ന് ‘ത ‘ കളാണു ഒരു തെങ്കാശിക്കാരന്റെ സ്വകാര്യ അഹങ്കാരം. തെന്റ്രൽ എന്നാൽ കാറ്റ്. പൊതിഗൈ മലനിരകൾക്കിടയിലെ ചരിവിലൂടെ കാറ്റിങ്ങനെ ഒന്നിനു പിറകെ ഒന്നായ് പറന്നു വരും.ഈ പ്രദേശത്ത് സമൃദ്ധമായ് കാണുന്ന ആര്യവെപ്പിനെ തട്ടി ,തഴുകി വരുന്ന ഈ കാറ്റിനുമുണ്ടാകും ഔഷധഗുണം. 

ഇവിടുത്തുകാർ പറയുന്നത് നല്ല ശുദ്ധമാന തമിഴിന്റെ ഉല്പത്തി ഇവിടുന്നാണത്രെ. മലയാളം എല്ലാവർക്കും അറിയാം,എന്നാലും നാക്കെടുത്താ തമിഴേ പേച്ചു. താമര ഭരണി ഒരു സുന്ദരി പുഴയാണു. പൊതിഗൈ മലയിൽ, പാപനാശത്തിനു മുകളിൽ നിന്നും ഉൽഭവം. കോപ്പറിന്റെ സാന്നിദ്ധ്യം ഉണ്ട് വെള്ളത്തിനു. അതിൽ കുളിച്ചാൽ രോഗശമനം എന്നാണു ഐതിഹ്യം. 

കാണാനൊരുപാടുണ്ട് തെങ്കാശിക്കു ചുറ്റും. മണിമുത്താർ ഡാം. മാഞ്ചോല, കുറ്റാലം തെന്മല അങ്ങനെ  കുറേ സ്ഥലങ്ങൾ. കേരളത്തിൽ ഓണം വന്നാലും പെരുന്നാളു വന്നാലും തമിഴന്റെ പോക്കറ്റ് നിറയും എന്ന് പറഞ്ഞപോലെ തന്നെയാണു വെള്ളത്തിന്റെ കാര്യവും. കേരളത്തിൽ മഴ പെയ്താൽ കുറ്റാലത്ത് അറിയും. കുറ്റാലത്തും ടൈഗർ ഫാൾസിലും ഫൈവ്ഫാൾസിലുമൊക്കെ വെള്ളത്തിന്റെ പെരുങ്കളിയാട്ടമാകും അപ്പോൾ. 


കാറ്റടിച്ചൂതുന്ന ഒരു വൈകുന്നേരം ചുമ്മാ ഒരു സവാരിയാകാം വല്ലത്തേക്ക്. ഒരു തനത് തമിഴ് ഗ്രാമത്തിന്റെ ഭംഗിയും ചൊടിയുമുണ്ട് വല്ലത്തിനു. പച്ചച്ച പാടങ്ങളും അവക്ക് കാവലായ് നിരന്നു കിടക്കുന്ന മലനിരകളും കണ്ണിനും മനസ്സിനും കുളിർമ്മയേകും. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ കിതച്ച് നീങ്ങുന്ന കാളവണ്ടികൾ. തെരുവിലേക്ക് തുറക്കുന്ന വാസൽ‌പ്പടിയിൽ കോലം വരക്കുന്ന സ്ത്രീകൾ. കറപുരളാത്തൊരു നാട്ടിൻപുറം.


ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും ; അത് ബീഹാറിലെയോ ബംഗാളിലെയോ ഉത്തർപ്രദേശിലൊ എവിടെ വേണേലും ആകട്ടെ; ആ ഗ്രാമത്തിലെ സ്ത്രീകളാണു ഒരോ വീടുകളിലേയും ഊർജ്ജം. സ്വന്തം വയർ മുറുക്കിയുടുത്ത് അഞ്ചപ്പം കൊണ്ട് ഒരു വീട്ടിലെ പത്ത് പതിനാലു വയറുകളെ ഊട്ടുന്ന മാന്ത്രിക വിദ്യ അവൾക്കറിയാം.  !   വല്ലത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഗ്രാമത്തിലെ ബീഡിക്കമ്പനിയിൽ നിന്നും കൊടുക്കുന്ന പുകയില വെട്ടി ബീഡി തെറുത്ത് ദിവസവും 150 രൂപയോളം അവളുണ്ടാക്കുന്നു. പുരുഷൻ എങ്കൈ എന്ന ചോദ്യത്തിനു ഏതാവത് വേല കെടച്ചാ പോകും, ഇല്ലാമെ എന്നാ പണ്ണുവേ എന്ന മറുപടി. അത് ശരിയായിരുന്നു. മടങ്ങുന്ന വഴിക്ക് റോഡ് സൈഡിലെ കലുങ്കിനടിയിൽ കളം വരച്ച് കല്ലു കളിക്കുന്ന അഞ്ചാറ് ആണുങ്ങൾ. എന്നാ പണ്ണും. അവർക്ക് വേലയൊന്നും കെടക്കാത് !!


തെങ്കാശി എന്നാൽ തെക്കൻ കാശി എന്നാണർത്ഥം. പട്ടണത്തിനു നടുക്ക് പടുകൂറ്റൻ ഗോപുരത്തോട് കൂടി പ്രൌഢ ഗംഭീരമായ ഒരു അമ്പലമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം. 

ഗോപുരത്തിലെ കൊത്തുപണികൾ മനോഹരമാണു.മുല്ലപ്പൂവിന്റെയും ചന്ദനത്തിരികളുടെയും മണമാണു ആ തെരുവിനു.
തെങ്കാശിയിൽ നിന്നും 35 കിലോമീറ്ററുണ്ടാകും ശെർവലാർ- കാരയാർ ഡാമിലെക്ക്. മുൻ കൂട്ടി അനുവാദം വാങ്ങിയാൽ നിങ്ങൾക്ക് കാട്ടിനകത്തെ ഗസ്റ്റ് ഹൌസിൽ രാത്രി തങ്ങാം. സ്പോട്ട് ലൈറ്റൊക്കെ വെച്ച് രാത്രി കാട്ടിലൂടെ ഒരു  സവാരി. ടൈഗർ റിസെർവ് ആണത്. ആനയും മാനും, പുലിയും  കാട്ടുപോത്തുമൊക്കെ മുന്നിൽ വന്നു പെട്ടാൽ കൊഞ്ചം തമിഴ് പേശാം. 

കേരളത്തിന്റെ മഴനിഴൽ പ്രദേശമാണു തെങ്കാശി. കേരളത്തിൽ മഴ പെയ്താൽ തെങ്കാശിയിൽ ചാറൽ മഴ പെയ്യും. ആകാശത്തോളം കൈകൾ ഉയർത്തി കാറ്റിനെ പിടിച്ച് കെട്ടാൻ നിൽക്കുന്ന പടുകൂറ്റൻ കാറ്റാടികളാണു ഈ  പ്രദേശ ത്തിന്റെ മറ്റൊരു പ്രത്യേകത. ദൂരേന്ന് നോക്കിയാൽ മലഞ്ചെരുവുകളിൽ ആകാശത്തേക്ക് പറന്നുയരാൻ ചിറകുകൾ വിടർത്തി നിൽക്കുന്ന ആയിരക്കണക്കിനു കൊറ്റികളെ പോലെ കാറ്റാടിപ്പാടങ്ങൾ !! കാറ്റിനെ കറന്ന് കറന്റെടുക്കുക !!!. കാറ്റുള്ളടെത്തോളം കറന്റിനു ക്ഷാമം ഉണ്ടാകില്ല. പക്ഷെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല കാറ്റാടിനിലയങ്ങളും ഇപ്പോൾ നിശ്ചലമാണു. സർക്കാർ സഹകരിക്കുന്നില്ലയെന്നു. അവരിപ്പോൾ സൌരോർജ്ജത്തിനു പിന്നാലെയാണു. സൌരോർജ്ജം അയൽനാടിനെ പൊള്ളിച്ചത് അവരറിഞ്ഞിട്ടുണ്ടാവില്ല!! മലയാളം തെരിയാത്  കണ്ണേ.

ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങളാണു കാറ്റും മഴയും വെയിലും ഒക്കെ. അത് അറിഞ്ഞുപയോഗിക്കുന്നതിനു പകരം കേവല സാമ്പത്തിക രാഷ്ട്രീയ ലാഭങ്ങൾക്കായ്  അവക്ക് പുല്ലുവില കൽ‌പ്പിച്ചാൽ ഇല്ലാതാകുന്നത് മനുഷ്യകുലം തന്നെയാണു. ഒരു അണു ഉലൈയുടെ ആവശ്യം നമുക്കുണ്ടൊയെന്ന് ഒന്നുകൂടെ പുനരാലോചിക്കുന്നത് തന്നെയാണു നല്ലു.

ഈ കാറ്റിനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുണ്ടിപ്പോൾ. അകലെ മലഞ്ചെരുവിൽ നിന്നും കാറ്റ് വരുന്ന ശബ്ദം കണ്ണടച്ച് നിന്നാലും കേൾക്കാനാകും. ചുമ്മാ കണ്ണടച്ച് കൈയും കെട്ടി നിൽക്കുക. അങ്ങനെ നിൽക്കുമ്പോൾ  പതിയെ കാറ്റ് വന്നു ചെവിയിലൂതും.കണ്ണു തുറക്കാതെ പതിയെ മുഖമുയർത്തുക. തെന്റ്രൽ വന്ന് നമ്മെ തൊടും നേരം ഒരാൾ കൂടിയുണ്ടാകും പലപ്പോഴും കൂട്ടിനു. സാറൽ. ആകാശത്തു നിന്നും നൂലുപോലെ പൊഴിഞ്ഞ് ചിതറുന്ന മഴതുള്ളികൾ. തെങ്കാശിയുടെ മാത്രം പ്രത്യേകതയാണത് . സാറൽ. (Drizzling) ജൂൺ ജൂലായ് ആഗസ്റ്റ് മാസങ്ങളിലാണു തെങ്കാശിയിലെ സീസൺ. അന്നേരം ഈ സാറൽ നനയാൻ വേണ്ടി മാത്രം ഭുഖണ്ഡങ്ങൾക്കപ്പുറത്ത് നിന്നും സന്ദർശകരെത്തും. ഒരു സാറൽ മഴൈ നനഞ്ഞ് ,കാറ്റിനൊട് കിന്നാരം പറഞ്ഞ് അങ്ങകലെ കാണുന്ന കുന്നിൻ ചെരുവിൽ മേഘങ്ങൾ ഉമ്മ വെക്കുന്നതും നോക്കി എത്ര വേണേലും ഇരിക്കാം. ബോറടിക്കമാട്ടേൻ...

** പുനലൂർ നിന്നും തെന്മല, ആര്യങ്കാവ് ,ചെങ്കോട്ട വഴി തെങ്കാശിയിലെത്താം. ഗുരുവായൂർ നിന്നും പുനലൂർ വരെ ട്രെയിൻ ഉണ്ട്.**
-- 

Thursday, November 28, 2013

ഉരുകുന്ന മനസ്സുകളും കൊഴുക്കുന്ന വ്യാപാരവും!!

അറിവില്ലായ്മയും അന്ധവിശ്വാസവും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെ തീരാ ദുരിതത്തിലേക്കും അറ്റമില്ലാത്ത നിസ്സഹായതയിലേക്കും തള്ളിയിടുന്നുണ്ട് എന്നും എവിടേയും. എല്ലായ്പ്പോഴുമെന്ന പോലെ ദുരിതങ്ങളും രോഗങ്ങളും ഏറ്റം മാരകമായി പ്രഹരമേൽ‌പ്പിക്കുക പട്ടിണിക്കോലങ്ങളെ തന്നെയാണു. തനിക്ക് നേരെ വരുന്ന പ്രഹരങ്ങളെ ഒരളവ് വരെ തടുത്ത് നിർത്താനും പോംവഴി ആരായാനും കൈയിൽ കാശുള്ളവനു കഴിയും. ഈ ലോകത്ത് ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ട് തരം ജാതിയെ ഉള്ളു എന്നു പലപ്പോഴും പലതും കാണുമ്പോൾ അമർഷത്തോടെ കരുതാറുണ്ട്. 

പാവപ്പെട്ടവനെ കൂടുതൽ പാവത്തത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടുകയാണു നമ്മുടെ നാട്ടിലെ ജാറം ദർഗ,ദേവാലയ വ്യവസായങ്ങൾ. ഇതൊക്കെ വെറും തട്ടിപ്പാണെന്നും , ഈ പോരിശയാക്കപ്പെട്ട മഹാന്മാർക്ക് ജീവിച്ചിരിക്കുന്നവനു വേണ്ടി ഒരു ചുക്കും ചെയ്യാനാവില്ലാന്നും പുരോഹിതവർഗത്തിനു അറിയാഞ്ഞിട്ടല്ല. പക്ഷെ സത്യം പുറത്തായാൽ നേർച്ച പ്പെട്ടിയിൽ കൈയിട്ട് വാരാനാകില്ലല്ലൊ.


തിരുനെൽ വേലി- രാമേശ്വരം ഹൈവേയിൽ രാമനാഥപുരം എത്തുന്നതിനു മുൻപ് ഏർവാടി ദർഗ എന്ന ബോർഡ് കണ്ടതും ;ഒന്ന് കയറി നോക്കിയാലോ എന്ന ചോദ്യത്തിനൊപ്പം വണ്ടി തിരിക്കലും കഴിഞ്ഞിരുന്നു. 

ഒന്നരകിലോമീറ്റർ ഉൾലിലേക്ക് ചെന്നാൽ വൃത്തിഹീനമായ തെരുവുകൾക്കും തുറന്ന് നിറഞ്ഞ് കിടക്കുന്ന ഓടകൾക്കും ഇടയിലൂടെ വലിയൊരു ഇരുമ്പ് ഗേറ്റ് കടന്ന് ചെന്നാൽ കാണാവുന്ന കാഴ്ച കണ്ണു നിറക്കുന്നതായിരുന്നു. മണൽ വിരിച്ച മുറ്റത്ത് കെട്ടിയ പന്തലുകളിലും  വശത്തെ തിണ്ണകളിലുമായി നിരന്നു കിടക്കുന്ന മനുഷ്യ ജീവികൾ.


 ചിലരെ സമീപത്തെ തൂണുകളിലും മരങ്ങളിലുമായ് കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നു.


 അന്തം വിട്ട് കിടക്കുന്നവരുടെ സമീപത്തായ് നിസ്സഹായതയിൽ കോടിയ മുഖവുമായ് കാവലിരിക്കുന്ന ബന്ധുക്കൾ. ചിലർ ഒറ്റക്കാണു , അവരുടെ കണ്ണുകളിൽ അറ്റമില്ലാത്ത ശൂന്യത മാത്രം. പോരിശയക്കപ്പെട്ട ഈ മണ്ണിൽ കൊണ്ട് വിട്ട് ബന്ധുക്കൾ രക്ഷപ്പെട്ടതാകാം. നട തള്ളാൻ എന്തെളുപ്പം.


പതിവ് പോലെ മലയാളികളും ഉണ്ട് അവിടെ. വെറുതെ കുറച്ച് പുണ്യം ചാക്കിലാക്കി കിട്ടിയാൽ അവിടെ ഉന്തും തള്ളും ഉണ്ടാക്കാൻ നമ്മളുണ്ടാവുമല്ലൊ മുന്നിൽ. വയനാട്ടുകാരി നസീമയും ഉമ്മയും ഏർവാടിയിൽ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ അസ്വാസ്ഥ്യം ഉണ്ട്.അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഒരു ചെറിയ താളപ്പിഴ. മരുന്നൊന്നും ഇല്ലത്രെ അസുഖത്തിനു ഇവിടെ രോഗികൾക്ക് , മരുന്ന് വെള്ളം മാത്രം,കോഴിക്കോട്ട് എത്ര നല്ല ഡോക്ടർമാരുണ്ട് ഇതിനു ചികിത്സിക്കാൻ ,എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലർത്തി.
മനസ്സ് എന്നത് വല്ലാത്തൊരു അൽഭുതമാണു, അതിന്റെ സഞ്ചാര വേഗവും ഗതിയും നിർണയിക്കുക പ്രയാസം. കടിഞ്ഞാൺ തെല്ലിട കൈയിന്നു പോയാൽ നിയന്ത്രണം അസാധ്യം.  സ്വന്തം ഗതിയും വേഗവും നിയന്ത്രിക്കാനാകാത്ത മനുഷ്യനോളം നിസ്സഹായത വേറെ എന്തിനുണ്ട്. അളവറ്റ സ്നേഹവും കനിവോടെയുള്ള പരിചരണവും ഒപ്പം മരുന്നും കൊണ്ടും മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാനാകു. ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദർഗാ പൂജ കൊണ്ട് കഴിയു.


നൂറ്റാണ്ടുകൾക്ക് മുൻപ് മുഹമ്മദ് നബിയുടെ നിർദ്ദേശാനുസരണം മദീനയിൽ നിന്നും ഇസ്ലാം മത പ്രചരണത്തിനു വേണ്ടി ഇന്ത്യയിലേക്ക് വന്ന സഹാബിവര്യനാണു  സുൽത്താൻ ഇബ്രാഹിം ബാദുഷ . ഏറെ നാളത്തെ ദുരിതപൂർണ്ണമായ യാത്രക്ക് ശേഷം അദ്ദേഹം ആദ്യം വന്നിറങ്ങിയത് കണ്ണൂരാണു. അവിടുന്നാണു മധുര വഴി ഏർവാടിയിൽ എത്തുന്നത്.അന്നത് ബൌധിരമാണിക്യ പട്ടണമായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ട് കൊല്ലത്തോളം തമിഴ് പ്രവിശ്യയുടെ ഭരണം കൈയാളിയത് ഇബ്രാഹിം ബാദുഷയായിരുന്നു. 
ഇന്ത്യയിലെ ആദ്യത്തെ അറബി ഭരണാധികാരി. അദ്ദേഹത്തിന്റേയും പിൻ ഗാമികളുടേയും ശവകുടീരങ്ങളാണു ദർഗാ കോമ്പൌണ്ടിനകത്ത്. ഖബർ പൂജ അനിസ്ലാമികമാണെന്ന് അസനിഗ്ധമായി പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ അനുയായികൾ തന്നെയാണു ഈ ഖബറുകളെ കെട്ടിപ്പിടിച്ച് നിരന്നു കിടക്കുന്നതും ! 
കുറച്ച് വർഷങ്ങൾക്ക് മുൻപാണു തീപിടിത്തത്തിൽ പെട്ട് ചങ്ങലക്കിട്ടിരുന്ന ഇരുപതോളം അന്തേവാസികൾ വെന്ത് വെണ്ണീറായത്. അതുണ്ടാക്കിയ പുകിൽ കുറച്ച് കാലത്തേക്കെ ഉണ്ടായുള്ളു. കാരണം രാമനാഥപുരം താലൂക്കിലേക്ക് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഏർവാടി ദർഗയിൽ നിന്നാണു!!


കുട്ടികളുണ്ടാത്തവർ, ഖബറിനരികിലെ തൊട്ടിൽ കെട്ടാനുള്ള സ്ഥലത്ത് തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന വാദത്തിനു എന്തടിസ്ഥാനമാണുള്ളത്. അതിത്ര എളുപ്പമായിരുന്നേൽ ഇക്സി, ഐവി എഫ് ടെസ്റ്റ് ട്യൂബ് ബേബി തുടങ്ങി അത്യന്താധുനിക സൌകര്യങ്ങളുമായി രോഗികളെ കാത്തിരിക്കുന്ന കൊടുങ്ങല്ലൂരെയും എടപ്പാളിലേയുമൊക്കെ ഡോക്ടർമാർ വെള്ളം കുടിച്ചേനേം. എന്ത് ആധുനിക ചികിത്സക്കും ഡോക്ടേർസ് 20% വിജയ സാധ്യതയേ പറയുന്നുള്ളുവെന്നും ഞങ്ങളും അത്രയൊക്കെയേ അവകാശപ്പെടുന്നുള്ളുവെന്നുമാണു ഈ അന്ധവിശ്വാസത്തിന്റെ അടിത്തറ. 

ഈ രോഗികളെയും അഗതികളേയും ഏതേലും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും അവർക്ക് അവശ്യമായ അടിസ്ഥാന ചികിത്സയും ഭക്ഷണവും പരിചരണവും ഏർപ്പാടാക്കി മാന്യമായ ഒരു ജീവിതവും സമാധാനപൂർണ്ണമായ ഒരു മരണവും അവർക്ക് ഉറപ്പാക്കാൻ ഏത് ഭരണകൂടത്തിനാണാവുക. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് തങ്ങളുടെ നിലനിൽ‌പ്പ് ഭദ്രമാക്കാൻ യത്നിക്കുന്ന ഒരു ഭരണകൂടവും ആ നിലക്ക് ചിന്തിക്കില്ല. മാറേണ്ടത് നമ്മളാണു. 

Monday, September 9, 2013

പിന്നെയും പിന്നെയും അന്ന !!

മണികരണിലെ  സ്നാന ഘട്ടീൽ നിന്നും മുകളിലേക്കുള്ള പടികളിലൊന്നിൽ അന്ന തളർന്നിരുന്നു.  കാൽ മുട്ട് വേദന ഈയിടെ അധികരിച്ചിരിക്കുന്നു. സ്നാന ഘട്ടിൽ കുളിക്കുന്നവരുടെ തിരക്കാണു, സീസൺ തുടങ്ങിയിരിക്കുന്നു മണാലിയിൽ, ഇനി സഞ്ചാരികളുടെ ഒഴുക്കാവും. 


പടിയിൽ നിന്നും എഴുന്നേൽക്കാനായവേ, ഒച്ച വെച്ച് താഴേക്ക് ഓടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ തള്ളലിൽ പെട്ട് അന്ന പടിയിലേക്ക് തന്നെ ചാഞ്ഞിരുന്നു. പൊടുന്നനെ, ആ കൂട്ടത്തിന്റെ ഏറ്റവും പിറകിൽ  നടന്നിരുന്ന യുവാവിന്റെ ചലനങ്ങളിൽ ശ്രദ്ധിച്ചിരുന്ന അന്ന ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു, അതേ നടത്ത, കൈവീശലുകൾ, ഓടുമ്പോൾ കൈവിരലുകൾ മടക്കി ശരീരത്തോട് ചേർത്ത് വെച്ച് ശരീരത്തിന്റെ മുകൾ ഭാഗം അധികം അനങ്ങാതുള്ള ഓട്ടം. ഈ പ്രായത്തിൽ അയാൾ എങ്ങനെയിരുന്നുവോ അത് മുറിച്ചു വെച്ചത് പോലെ..

ഓർമ്മകളുടെ മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ച അന്ന ആ പടവിൽ കുഴഞ്ഞു കിടന്നു. ഈശ്വരാ ഇനിയും ഇവളെയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. എല്ലാം ഉപേക്ഷിച്ച് ഈ മലമുകളിൽ എത്തിയിട്ട് എത്ര വർഷങ്ങൾ, നാടും വീടും സൌഹ്രദങ്ങളുമെല്ലാം ഓർമ്മകൾ മാത്രമായിട്ട് എത്ര കാലം. കൊഴിഞ്ഞ് പോയ യൌവ്വനം. പടി കടന്നെത്തിയ വാർദ്ധക്യം. ആ അവശതകൾക്കിടയിലും ഒരു വാശി പോലെ അന്ന.

ബോർഡിങ്ങ് സ്കൂളിന്റെ കയറ്റം താണ്ടി, ക്വോർട്ടേഴ്സിലേക്കുള്ള പടികൾ കയറി മുകളിലെത്തിയപ്പോഴേക്കും കിതച്ച് പോയിരുന്നു അന്ന. ഈയിടെ വലിവിന്റെ അസുഖം ഇത്തിരി കൂടുതലാണു. കഴിഞ്ഞ മാസം സ്കൂളിലെ പതിവ് ചെക്കപ്പിനിടയിലും ഡോക്ടർ സൂചിപ്പിച്ചതാണു. ചണ്ഡീഗറിലെ വലിയ ആശുപത്രിയിൽ പോകാൻ. മരണത്തെ താനെത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഡോക്ടർക്കറിയില്ലല്ലൊ എന്ന് അന്ന തമാശയോടെ ഓർത്തു.

ഗേറ്റ് തുറക്കുന്ന ശ്ബ്ദം കേട്ട് അപ്പുറത്ത് തോട്ടത്തിൽ നിന്നും രത്തൻ കാക്ക ഓടി വന്നു. സ്കൂളടച്ചാൽ  ഈ വലിയ കോമ്പൌണ്ടിൽ അവശേഷിക്കുന്നത് താനും രത്തൻ കാക്കായും മാത്രമാണു. പോകാൻ ഇടമില്ലാത്തവർ. 

“മേം സാബ്, ആപ് കോ മിൽനെകേലിയെ ഏക് ആദ്മി ആയാഥാ ആജ്”

ആരായിരുന്നു രത്തൻ കാക്കാ..?

" പതാ നഹിം, ഫിർ ആയേഗാ വൊ ജരൂർ”

ഇത്രയും കാലമായിട്ടും ആരും അന്വേഷിച്ച് വരാതിരുന്ന മേം സാബിനെ അന്വേഷിച്ച് ഒരാൾ വന്ന അമ്പരപ്പായിരുന്നു രത്തൻ കാക്കയുടെ മുഖം  നിറയെ. 

അന്നയുടെ ഉള്ളിലുമുണ്ടായിരുന്നു വേവലാതി. തന്നെ അന്വേഷിച്ച് വന്നത് രാവിലെ കണ്ട ചെറുപ്പക്കാരൻ തന്നെയായിരിക്കാനാണു സാധ്യത. എങ്ങനെ അറിഞ്ഞു താനിവിടെ ഉണ്ടെന്ന്, ഇത്രെം കാലങ്ങൾക്ക് ശേഷം ഇനിയെന്താണിപ്പൊൾ? ഒരു പക്ഷെ അയാൾക്കെന്തേലും ആപത്ത്...

അന്ന എഴുന്നേറ്റ് അലമാരിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്ത് പതുക്കെ പേജുകൾ മറിച്ചൂ. 

ജീവിതം യൌവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരുന്ന ഒരു കാലഘട്ടത്തിലെ പിറന്നാളിന്റെ ഓർമ്മക്ക്-

ആദ്യത്തെ പേജിൽ കുനു കുനെ കോറിയിട്ട അക്ഷരങ്ങളിലൂടെ വിരലോടിക്കവെ അന്നക്ക് കുളിർന്ന് വിറച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ വ്യക്തത. 

വായനയോടും അക്ഷരങ്ങളൊടുമുള്ള സ്നേഹം തന്നെയാണു അയാളെ തന്നിലേക്ക് അടുപ്പിച്ചത്. വായിച്ച പുസ്തകങ്ങളെ പറ്റി, എഴുത്തുകാരെ പറ്റി താൻ പറയുന്നത് താല്പര്യത്തോടെ കേട്ടിരിക്കുന്നയാൾ, ഞാനിതൊന്നും കണ്ടില്ലല്ലൊ ,വായിച്ചില്ലല്ലോ എന്ന പരിഭവത്തിനിടയിലും നീയിതൊക്കെ ഒന്നെഴുതി വെക്ക് എവിടേലും എന്നു നിർബദ്ധിക്കുന്ന കരുതൽ, നിന്നെയെനിക്ക് കിട്ടിയില്ലല്ലോ എന്ന കുശുംബ് പറച്ചിനിടയിലും തങ്ങൾ രണ്ട് പേരും അവരവരുടെ കുടുംബത്തിന്റെ തണലിലും സ്വസ്ഥതയിലും തന്നെയായിരുന്നു . പക്ഷെ ആ ശാന്തത മുകൾപരപ്പിൽ മാത്രമായിരുന്നുവെന്നും അടിയിൽ രണ്ട് നദികൾ, ഒരേ ദിശയിലേക്ക്, ഒരേ വേഗത്തിൽ ,കുതിച്ചൊഴുകുന്നുവെന്നും രണ്ട് പേർക്കും അറിയാമായിരുന്നു. 

പുസ്തകമടച്ച് അലമാരയിൽ വെച്ച് , പതിവുള്ള ഗുളികകൾ വിഴുങ്ങി അന്ന കട്ടിലിൽ ഉറങ്ങാതെ കിടന്നു.

രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ക്വോർട്ടേഴ്സിന്റെ വരാന്തയിൽ തലേന്ന് കണ്ട ചെറുപ്പക്കാരൻ. 
ആന്റിക്കെന്നെ ഓർമ്മയുണ്ടോ..? അടുത്തേക്ക് വന്നയാൾ കൈ നീട്ടിയപ്പോൾ അന്ന ചിരിച്ചു.

രത്തൻ കാക്ക .., ചായ്  ലീജിയെ.
“ഈ സ്ഥലം കണ്ട് പിടിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണു ഞാനീ സ്ഥലം ഊഹിച്ചത്. ഒരുപാട് എഴുതീട്ടുണ്ട് അഛൻ , ഒരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്തെ പറ്റി,“

 നിങ്ങളെ പറ്റിയും... ചെറുപ്പക്കാരൻ ഇരുന്നിടത്ത് നിന്നും എഴുന്നെറ്റ് അന്നയുടെ അടുത്തേക്ക് വന്ന് അരികിൽ മുട്ട് കുത്തി മടിയിൽ തല വെച്ചപ്പോൾ അന്നക്ക് മാറിടം വിങ്ങി. 

നിന്റെ അഛൻ സുഖമായി ഇരിക്കുന്നോ? അത് ചോദിക്കുമ്പോൾ തൊണ്ട ഇടറാതിരിക്കാൻ അന്ന ചുമച്ചു, ഒപ്പം താനിപ്പോഴും, ഇത്ര കാലത്തിനു ശേഷവും  അയാളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോർത്ത് അന്ന  ക ണ്ണുകൾ ഇറുക്കിയടച്ചു.
രത്തൻ കാക്ക കൊണ്ട് വന്ന ചായ വാങ്ങി ഊതിക്കൂടിച്ച് ചെറുപ്പക്കാരൻ  എണീറ്റു
“ ഇത്തവണ ഇവിടെ തണുപ്പ് കൂടുതലാണല്ലെ..”
ചായ കപ്പ് രത്തൻ കാക്കയെ ഏൽ‌പ്പിച്ച് അന്നയുടെ അരികിലേക്ക് കസേര വലിച്ചിട്ട് അയാൾ തുടർന്നു.
അമ്മക്ക് അസുഖം കൂടുതലാണു, അഛനെ കാണണമെന്നും മാപ്പ് പറയണമെന്നും ഒരേ വാശിയാണു ഈയിടെ.

അന്ന ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അഛൻ...
ആന്റി പോയതിൽ പിന്നെ ഒന്നിലും താല്പര്യമില്ലായിരുന്നു അഛനു, ജോലിക്ക് പോകാതായി, എപ്പൊഴും വരാന്തയിലെ ചാരുകസേരയിൽ ഒരിരുപ്പായിരുന്നു. പരാതിയായിരുന്നു അമ്മക്കെന്നും, പുസ്തകങ്ങളും കൂട്ടുകാരുമാണു അഛനെ ചീത്തയാക്കിയെന്നും പറഞ്ഞ്, ഒരു ദിവസം അലമാരയിലെ പുസ്തകങ്ങളെടുത്ത് അമ്മ തീയിട്ടു, അഛൻ എതിർത്തില്ല. നോക്കി കിടന്നു, അവസാനത്തെ പുസ്തകവും എരിഞ്ഞ് തീർന്നപ്പോൾ എണീറ്റ് നടന്നു. പിന്നെ തിരിച്ച് വന്നിട്ടില്ല.

ഞാൻ കരുതി ആന്റിക്കറിയാമായിരിക്കുമെന്ന്.. ചെറുപ്പക്കാരൻ എണീറ്റ് അന്നയെ അണച്ച് പിടിച്ചു. 
അഛന്റെ സ്നേഹമുണ്ടായിരുന്നു ആ ഡയറിക്കുറിപ്പുകളിൽ നിറയേ....

ഡൽഹിയിൽ നിന്നും വരാണസിയിലേക്കുള്ള ട്രെയിനിൽ കയറിയപ്പോഴേക്കും അന്ന തളർന്നിരുന്നു. ഈയിടെയായി ഇത്തരം ദീർഘയാത്രകൾ വയ്യ. ദത്താത്രേയനെ വിളിച്ചു പറഞ്ഞിട്ടുണ്ട് വരുന്ന വിവരത്തിനു, സ്കൂളിന്റെ ട്രസ്റ്റികളിൽ പ്രമുഖനാണയാൾ. 

ഗുളികകൾ കഴിച്ച് ബർത്തിൽ കയറിക്കിടന്ന് അന്ന കണ്ണുകൾ അടച്ചു. 
വരാണസി, എന്നും അയാളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്, തങ്ങളൊന്നിച്ച് വരാണസിയിൽ തങ്ങിയ നാളുകൾ, ഗംഗയെ സാക്ഷിയാക്കി, ഗായത്രീ മന്ത്രങ്ങളുടെ ഈരടികൾ കേട്ട്, പരസ്പരം അറിഞ്ഞ നാളുകൾ. ഭാംഗും ചരസ്സും മണക്കുന്ന കുടുസ്സു മുറിയിൽ ഇനി മുതൽ നമ്മുടെ വിയർപ്പിന്റെ മണവും ഉണ്ടാകുമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്നു അയാൾ. അന്നക്കുറപ്പുണ്ടായിരുന്നു ഓർമ്മകളിൽ കുടുങ്ങി മറിഞ്ഞ്  അയാളവിടെ ഏതേലും മുറിയിൽ ഉണ്ടാകുമെന്ന്...

അന്നയെ അസ്സീ ഘാട്ടിലെ  താമസ സ്ഥലത്താക്കി തിരിച്ചു പോകവേ ദത്താത്രേയൻ പറഞ്ഞു,“ അയാളിവിടെ തന്നെ കാണും മാം, വരാണസി ആരേയും മടക്കിയയക്കില്ല”

അത് ശരിയായിരുന്നു. പിറ്റേന്ന് ദശാശ്വമേധ ഘാട്ടിലെ ആരതി കാണാൻ നിൽക്കുന്നവരുടെ ഇടയിൽ വെളിച്ചത്തിന്റേയും ധൂപങ്ങളുടെയും നടുക്ക് ഒറ്റപ്പെട്ട് നിൽക്കുന്ന  അയാളെ ആശ്ലേഷിക്കുമ്പോൾ അന്നയുടെ കണ്ണിലൂടെ ഒരായിരം ആരതികൾ ഒന്നിച്ചൊഴുകി .

പരാതികളും പരിഭവങ്ങളും നിശബ്ദത കൊണ്ട് പരസ്പരം പറഞ്ഞ് ഗംഗയുടെ തീരത്തിരിക്കുമ്പോൾ അയാളെഴുന്നേറ്റ് അരയിൽ നിന്നും ചെറിയൊരു പൊതിയെടുത്ത് അന്നക്ക് നീട്ടി.” എന്നേലും കാണുകയാണെങ്കിൽ തരാൻ കരുതി വെച്ചതാണു“ 
രാത്രി, മുൻഷി ഘാട്ടിലെ ഇടുങ്ങിയ മുറിയിലെ ഒറ്റക്കട്ടിലിൽ അയാളോട് ചേർന്ന് കിടക്കുമ്പോൾ അന്ന അയാളുടെ മുടിയിൽ തഴുകി.’ നാളെ രാവിലെ സച്ചു വരും, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.” അയാളുടെ കൺനിലെ നിരാസത്തെ അന്ന ഉമ്മകൾ കൊണ്ട് മൂടിക്കളഞ്ഞു.

പിറ്റേന്ന് അവരെ യാത്രയാക്കി മടങ്ങവേ അന്ന മണികരണിലെ സ്നാനഘാട്ടിൽ ഇറങ്ങി. അരയോളം വെള്ളത്തിൽ നിന്ന് അന്ന പതുക്കെ ചുരുട്ടിയ മുഷ്ടികൾ തുറന്നു. വെള്ളത്തിന്റെ തള്ളലിൽ കൈവെള്ളയിൽ നിന്ന് താഴെ വീണ താലി ;താഴെ കല്ലിൽ തടഞ്ഞ് ഒരു മാത്ര നിന്നു. പിന്നെ ഒഴുക്കിൽ അപ്രത്യക്ഷമായി.
ക്വോർട്ടേഴ്സിന്റെ ഗേറ്റ് തുറക്കവേ ശബ്ദം കേട്ട് രത്തൻ കാക്ക പൂന്തോട്ടത്തിൽ നിന്നും ഓടി വന്നു.
" മേം സാബ്, ബാബുജി ആജായേഗാ ..., ഹേന..?

ഗേറ്റടച്ച് തഴുതിടവേ അന്ന ചിരിച്ചു     ”  വരുമായിരിക്കും ... “

*** ചിത്രീകരണം: ഇസ് ഹാഖ് നിലമ്പൂർ

Monday, September 2, 2013

ഒരു നിറപുഞ്ചിരി !



ട്രെയിൻ പതുക്കെ പ്ലാറ്റ്ഫോമിലേക്ക് എത്തവേ ഞാൻ എണീറ്റ് വാതിൽക്കൽ പോയി നിന്നു. മഴപ്പെയ്ത്ത് കഴിഞ്ഞ് വെയിൽ പരന്നതോടെ പച്ചപ്പിനിടയിലൂടെ നിറയെ പൂക്കൾ തലനീട്ടാൻ തുടങ്ങിയിരിക്കുന്നു. മുക്കുറ്റിയും തുമ്പയും ഓണവരവ് അറിയിച്ച് മുന്നിലുണ്ട്. ഓവർബ്രിഡ്ജിനടിയിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തും നിറയെ പൂക്കളെ കണ്ടപ്പോൾ വെറുതെ ഒരു സന്തോഷം. പണ്ടിവിടെ ഈ മുകൾപ്പാലം ഉണ്ടായിരുന്നില്ല, റെയിൽ മുറിച്ച് കടന്നാണു പോക്കും വരവും, ഗേറ്റിനടുത്തെത്തിയാൽ ഒരു മാത്ര നിന്നു തിക്കും പൊക്കും നോക്കി ഒറ്റയോട്ടം. സ്കൂളിലേക്കും സ്റ്റേഷനിൽ ഉപ്പാന്റെയടുത്തേക്കും പോകുന്നതും  ഈ തരത്തിൽ തന്നെ. വളവ് തിരിഞ്ഞ് കുതിച്ച് വരുന്ന ഒറ്റക്കണ്ണൻ തീവണ്ടിയേക്കാൾ ഭയമായിരുന്നു ഗേറ്റിനടുത്തെ കല്ലിൽ പതറിയ നോട്ടവുമായി ഇരിക്കുന്ന ഭ്രാന്തൻ കൃഷ്ണനെ. എന്തെല്ലാം കുസൃതികളായിരുന്നു അന്ന് കാട്ടിക്കൂട്ടിയിരുന്നത്. തിരിഞ്ഞ് നോക്കുമ്പോൾ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഓർക്കുക വയ്യ.
ബാല്യവും കൌമാരവുമൊക്കെ തിമര്‍ത്താടിയ കാലം.തിരിഞ്ഞു നോക്കുമ്പൊ പലപ്പോഴും തോന്നും വലുതാവേണ്ടിയിരുന്നില്ലായെന്ന് !!
തറവാട്ടിലെ ഒറ്റപ്പെൺകുട്ടിയായിരുന്നു ഞാൻ, എന്റെ രണ്ട് സഹോദരങ്ങൾക്കും പിന്നെ ഒരുപ്പാട് കസിൻ സഹോദരന്മാർക്കും ഇടയിലെ പെൺ തരി. അതു കൊണ്ട് തന്നെ ആൺകുട്ടികൾ കളിക്കുന്ന കളികളായിരുന്നു ഞാനും കളിച്ചിരുന്നത്. ഓലപന്ത്, ചട്ടിപ്പന്ത്, ഫുട്ട്ബാൾ ,മരം കയറ്റം, ഇത്യാദി.  അവധിക്കാലത്താണു അമ്മായീം കുട്ടികളും തലശ്ശേരിയില്‍ നിന്നും വിരുന്നു വരിക. ഒരുപാട് സ്നേഹം കാണിക്കും അമ്മായി അതേപോലെ ദേഷ്യവും .ഹലുവ,സമൂസ,മണ്ട,ഒറോട്ടി എന്നീ വിഭവങ്ങളുമൊക്കെയായ് ആഘോഷപൂര്‍വമായാണു വരിക. അമ്മായിടെ ഭാഷ ഞങ്ങളില്‍ വല്ല്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു.ആട,ഈട,അനക്ക്,ഇന്റെ,എന്തോളീ.. എന്നീ വാക്കുകളും ഞങ്ങളും അങ്ങനെ കുഴഞ്ഞുമറിയും.

 ഈ തിമര്‍പ്പിനിടയിലേക്കാണു  ഉസ്താദ് വരിക.മദ്രസ്സ വിഷയങ്ങള്‍ പഠിപ്പിക്കാന്‍,അപ്രാവശ്യം വന്നത് പുതിയൊരുസ്താദായിരുന്നു. ഒരു ചെറുപ്പക്കാരന്‍,തെക്കന്‍ സംസാരവുമൊക്കെയായ് ഒരു പരിഷ്കാരി.എനിക്കയാളെ തീരെ ഇഷ്ടമായില്ല. .പഠിപ്പിക്കുന്നതിനിടയില്‍ അയാള്‍ എന്റെ കാലില്‍ ചവിട്ടും,കാലിന്റെ പെരുവിരല്‍ കൊണ്ട് അമര്‍ത്തും, ഞാനിങ്ങനെ നാണവും അപമാനവും കൊണ്ട് ചൂളി...

ഒരുദിവസം ഉമ്മയും കുഞ്ഞിപ്പെണ്ണും  ഒരു കല്യാണത്തിണു പോയി.അടുക്കളയും ഞങ്ങളും അമ്മായിയുടെ കീഴിലാണു.പാത്രം കഴുകാനുള്ള മടിക്ക് ഞാന്‍ അമ്മായിയോട് പറഞ്ഞു ഇന്നു നമുക്ക് ഇലയില്‍ ചോറു കഴിക്കാംഅമ്മായി സമ്മതിച്ചു.ഞാനും അനിയനും ഊണു കഴിക്കാന്‍ തുടങ്ങി.പഴയ തരം വീടായിരുന്നു അന്നു,ജനവാതിലുകളൊക്കെ മരത്തിന്റെ അഴിയും പൊളിയുമൊക്കെയായ്.ജനലിന്റെ രണ്ടു മൂന്ന് അഴി ഇളകിപ്പോയിരുന്നു.അതിലൂടെയായിരുന്നു ഞങ്ങളുടെ ഉച്ച സഞ്ചാരങ്ങള്‍!!.

ഊണു കഴിക്കുന്നതിനിടെ ഉസ്താദ് വന്നു.അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു”ഓറോട് ചോറ് ബെയ്ച്ചോളാന്‍ പറീ”
ഞാന്‍ ഉസ്താദിനു ചോറു വിളമ്പി, ഞാനും അനിയനും വേഗം കഴിച്ചെഴുന്നേറ്റു. ഇല എടുത്ത് അടുക്കളയുടെ പിന്‍ഭാഗത്ത് കൊണ്ടിട്ടു. ഉസ്താദിന്റെ ചോറുതീറ്റ കഴിഞ്ഞ് മൂപ്പര്‍ ഇല എടുത്ത് എന്നോടു ചോദിച്ചു”എവിടാ കളയുന്നെ”
അത് കേട്ട അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു ”ജനലീക്കൂടി അപ്പൊരം ചാടിക്കോളീ ...”. ജനലിനടുത്തേക്ക് നടന്ന ഉസ്താദ് എന്നെ നോക്കി,ഒരാള്‍  താഴ്ചയുണ്ടാ ഭാഗത്ത്.മൂപ്പര്‍ ദയനീയമായ് എന്നെ നോക്കി, എന്തോ പറയാന്‍ വാ തുറന്ന അനിയനെ ഞാന്‍ കണ്ണുകാണിച്ചു,പറയാന്‍ വന്നത് വിഴുങ്ങി അവന്‍ പറഞ്ഞതിങ്ങനെ
“അമ്മായിക്ക് ദേഷ്യം പുടിച്ചും”
“എന്താടാ ആടെ”അമ്മായി ഒച്ചയിട്ടു.ഉസ്താദ്..ഇല...ഞാന്‍ വിക്കി.
“അയിനൊകൊണ്ട് അപ്പൊരം ചാടിക്കോളീ മൊയ് ല്യാരേ”അമ്മായി ഗര്‍ജിച്ചു. അതൊടെ ജനാലക്കല്‍ നിന്ന ഉസ്താദ് അപ്രത്യക്ഷ്നായി. ഞാന്‍ ഓടിചെന്നു താഴേക്ക് നോക്കി.ദാ..കിടക്കുന്നു തെങ്ങിന്‍ ചുവട്ടില്‍,ഇലയും എച്ചിലും മേലേയും പുള്ളി താഴേയുമായി ലാന്റ് ചെയ്തിരിക്കുന്നു. അവിടെ കിടന്ന് അയാള്‍ തല പൊക്കി നോക്കിയത് എന്റെ മുഖത്ത്.ചുണ്ടും ചിറിയും കോട്ടി ഞാനൊരു കൊലച്ചിരി ചിരിച്ചു.

വൈകുന്നേരം ഉമ്മ വന്നപ്പൊ അനിയന്‍  കഥ മുഴുവന്‍ വിസ്തരിച്ചു.ദുഷ്ടന്‍..ആരോടും ഒന്നും പറയില്ലാന്നുള്ള ഉറപ്പില്‍ എന്റെ ഓഹരി ചക്കര അട കൂടി അകത്താക്കിയതാണു .നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ.. ഉണ്ടക്കണ്ണാ...  ഞാന്‍ മനസ്സില്‍ പറഞ്ഞു. ഉമ്മാന്റടുത്ത് നിന്നും എനിക്ക് പൊതിരെ തല്ലു കിട്ടി.പക്ഷേ ആ അടിയുടെ വേദന ഞാന്‍ അറിഞ്ഞതേയില്ല. അയാള്‍  ഞൊണ്ടി ഞൊണ്ടി പോകുമ്പൊ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എന്നെ തോണ്ടാനും ചവിട്ടാനും ഉപയോഗിച്ച അതേ കാല്‍ !!! ആ ഓര്‍മയുടെ സുഖത്തില്‍ അടിയുടെ വേദന ഞാനറിഞ്ഞേയില്ല!!!

Tuesday, August 20, 2013

കാദംബരി


വാതിൽക്കൽ നിന്നിരുന്ന അവളുടെ   കൈയിൽ നിന്നും ആ കടലാസ് കഷ്ണം വാങ്ങി അരിശത്തോടെ തുണ്ടം തുണ്ടമാക്കി അവൻ പുറത്തേക്ക് പറത്തി. അന്നേരം തീവണ്ടി പൂരപ്പുഴയുടെ കുറുകെ കുതിച്ച് പായുകയായിരുന്നു. ഒരൊറ്റയക്ഷരങ്ങളും ബാക്കി വെക്കാതെ പുഴയത് അപ്പാടെ വിഴുങ്ങുന്നത് തെല്ലൊരു ഖേദത്തോടെ അവൾ നോക്കി നിന്നു.

“ എന്നാലും  എന്റെ ആദ്യത്തെ പ്രണയലേഖനമായിരുന്നു അത്..“ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ആഞ്ഞു നിന്ന പെൺകുട്ടിയെ  വലിച്ച് അകത്തേക്കാക്കി ,അവളുടെ കാലിന്റെ പെരും വിരലിൽ കാലമർത്തി അവൻ മുരണ്ടു.” എന്നോടുള്ള ദേഷ്യത്തിനു വല്ലവനോടും മിണ്ടിപ്പറയുമ്പോൾ ഓർക്കണമായിരുന്നു”.

അത് ശരിയായിരുന്നു. അവനൊടുള്ള വാശിക്ക് തന്നെയാണ് റെയിൽ വേ സ്റ്റേഷനിൽ വണ്ടി കാത്തിരുന്ന പേരും നാളും അറിയാത്ത ആ ചെറുപ്പക്കാരനോട് അവൾ മിണ്ടിപ്പറഞ്ഞത്, ചിരിച്ചത്, അതിങ്ങനെ പ്രണയ ലേഖനമായി വരുമെന്ന് ആരോർത്തു.
“ എന്നാലും ഞാനതൊന്ന് വായിച്ചു പോലുമില്ല..” അയാൾടെ പേരു പോലും നോക്കിയില്ല “ അവളുടെ സങ്കടം വണ്ടിയുടെ കുലുക്കത്തിൽ ആരും കേട്ടില്ല.

പിറ്റേന്ന്, കാന്റീനിൽ അയമതുട്ടിക്കയുടെ ചായക്കും പരിപ്പ് വടക്കുമൊപ്പം അവന്റെ കൂട്ടുകാരൻ ,തലേന്നത്തെ ക്വൊട്ടേഷന്റെ കാര്യം പറഞ്ഞ് ചിരിച്ചു. ആദ്യത്തെ അടിക്ക് നിന്റെ കാമുകന്റെ പല്ലൊരെണ്ണം താഴെ പോയി, രണ്ടാമത്തെ അടിക്ക് കൈയിന്റെ നട്ടും ബോൾട്ടും തെറിച്ചു പോണത് അവൻ അഭിനയിച്ച് കാണിച്ചത് വിശ്വസിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല,     ..
കാരണം അവനായിരുന്നു അക്കൊല്ലവും ബോഡി ബിൽഡിങ്ങ് മത്സരത്തിലെ ചാമ്പ്യൻ.

മൂന്ന് വർഷം അവരൊന്നിച്ചായിരുന്നു. , അവളുടെ  സുഹൃത്ത്, ഒരേയൊരു കൂട്ടുകാരൻ, ഫസ്റ്റ് ക്ലാസ് കൂപ്പേയുടെ ആളൊഴിഞ്ഞ ഇടനാഴികകളിൽ തീവണ്ടിയുടെ ചുക് ചുക് ശബ്ദത്തോടൊപ്പം അവർ ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. അവനവളോട് പ്രണയമായിരുന്നു..., അതവൾക്കും അറിയാമായിരുന്നു, എന്നിട്ടും പലപ്പോഴും അവളത് അറിഞ്ഞില്ലാന്ന് നടിച്ചു.  അവനെ പ്രണയിക്കാൻ അവൾക്കാവുമായിരുന്നില്ല, അവനെയെന്നല്ല ആരേയും...,

 കാരണം അവളുടെയുള്ളിൽ  സദാ സമയവും ഒരാളുണ്ടായിരുന്നു.. അവൾക്ക്  മാത്രം ഗോചരമാകുന്ന  സ്വപ്നം . അവന്റെ ഗന്ധം അവൾക്ക് പരിചിതം, അവന്റെ സ്പർശം  അവൾക്ക് അനുഭവ ഭേദ്യം. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും അവൾ എ ല്ലാവരേയും നിരസിച്ചു കൊണ്ടേയിരുന്നു.     സ്വപ്നം   ആവർത്തിക്കുമ്പോൾ കൂട്ടുകാർ തീർപ്പ് കൽ‌പ്പിക്കും നിനക്ക് ഭ്രാന്താണു,മുഴുത്ത ഭ്രാന്ത്. 


തീവണ്ടിയിലെ അവരുടെ കലപില  കേട്ട്  ടി ടി ഇ അവനോട് പറയും, നിനക്കിത്ര ഇഷ്ടമാണെൽ ഇവളെയങ്ങ് കെട്ടിക്കൂടെയെന്നു, അവൾ എതിർക്കും. “ അതിനെനിക്ക് ഇവനോട് പ്രണയമൊന്നുമില്ല കല്യാണം കഴിക്കാൻ.”
അയാൾ ചിരിക്കും  “ കല്യാണം കഴിക്കാൻ പ്രണയം വേണമെന്നൊന്നും ഇല്ല പെണ്ണേ ”

പിന്നെയും കാലം കുറേ കഴിഞ്ഞ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനേം കെട്ടി പുതു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച 

പെൺകുട്ടി  പുതുമോടി മാറും മുമ്പേ നവ വരനോട് ആവശ്യപ്പെട്ടത് ഒരു പ്രണയലേഖനം ആയിരുന്നു..!!! വധുവിന്റെ വിചിത്രമായ ആവശ്യം കേട്ട് വിളറിപ്പോയ വരൻ സംയമനം വീണ്ടേടുത്ത് പൊട്ടിച്ചിരിച്ചു. തേനും മധുരവും ഒരുപാട് കിട്ടി.  പക്ഷെ ആ  പ്രേമലേഖനം മാത്രം കിട്ടിയില്ല , അത് കൊണ്ട് തന്നെ അവളുടെ   പ്രണയം ഇപ്പോഴും അവളുടെ ഉള്ളിലുണ്ട്. 

അതാണവളെ  ജീവിപ്പിക്കുന്നത്; അത് തന്നെയാണു അവളെ മരിപ്പിക്കുന്നതും.




Monday, March 18, 2013

തീ പാറ്റകൾ..

പഴയ ഫോണിൽ നിന്നും കോണ്ടാക്റ്റ് ലിസ്റ്റെടുത്ത് പുതിയ ഫോണിൽ സേവ് ചെയ്യുന്നതിനിടയിലാണു ഞാനാ പേരു വീണ്ടും കാണുന്നത്. ഫയർ ഫ്ലൈ.  കാൾ ലോഗെടുത്ത് നോക്കിയപ്പോൾ വിളിച്ചിട്ട് മൂന്നു മാസത്തോളമായിരിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ആ കാൾ വരാറുള്ളതാണു. എന്ത് പറ്റി അയാൾക്ക്..? ഇനി വല്ല അസുഖവും..?

രണ്ട് വർഷം മുൻപാണു അയാളെന്നെ ആദ്യായിട്ട് വിളിക്കുന്നത്. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന കോൾ എടുക്കുമ്പോൾ ആരാവുമെന്ന ആകാംക്ഷ ആയിരുന്നു ഉള്ളിൽ. അപ്പുറത്തെ നിശബ്ദത കേട്ടപ്പോൾ റോംഗ് നമ്പറാവുമെന്നു കരുതി ഫോൺ കട്ടാക്കി ബാഗിൽ തിരുകി. ബസിറങ്ങി പാ‍ളയത്തെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിൽ വീണ്ടും ഫോൺ ശബ്ദിച്ചു. അതേ നമ്പർ തന്നെ. അനക്കമില്ല . ‘ ആരാണെന്ന് പറയു.. മനുഷ്യനെ മിനക്കെടുത്താതെ ‘. എന്ന എന്റെ അരിശം കേട്ടാവണം അയാൾ പതുക്കെ പറഞ്ഞു തുടങ്ങി.

 “ ക്ഷമിക്കണം. നമ്പർ തെറ്റി വിളിച്ചതാണു. പക്ഷെ ... ഈ ഡയലർ ടോൺ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രല്ല എന്റെ കുട്ടികൾക്കും ഭാര്യക്കും ഇഷ്ടാണു ഈ പാട്ട്. നിങ്ങൾക്ക് വിരോധമില്ലെങ്കി ഇടക്ക് ഞാനൊന്ന് വിളിച്ചോട്ടെ. ? “

സൌമ്യതയോടെയും ആദരവോടെയുമുള്ള അയാളുടെ സ്വരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. തന്നെയുമല്ല ഒരു പെണ്ണിനോട് കൊഞ്ചാനും അടുപ്പം സ്ഥാപിക്കാനുമുള്ള യാതൊരു വ്യഗ്രതയും അയൾക്കുണ്ടായിരുന്നില്ല. 


“ ഓകെ. ..ഞാനീ നമ്പർ സേവ് ചെയ്തേക്കാം. വിളിച്ചാൽ ഞാൻ അറ്റെന്റ് ചെയ്യുന്നില്ല. നിങ്ങൾ പാട്ട് കേട്ടോളു.”

പിന്നെ ഇടക്ക്; രണ്ടാഴ്ച്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ, ഫയർ ഫ്ലൈ എന്ന പേർ എന്റ്റെ ഫോണിൽ തെളിയാറുണ്ട്. ഇതിപ്പൊ ലാസ്റ്റ് കാൾ വന്നിരിക്കുന്നത് കഴിഞ്ഞ നവംബർ 28 നാണു. പുലർച്ചെ മൂന്നെ ഇരുപതിനു. അതിനു ശേഷം വിളിച്ചിട്ടേയില്ല അയാൾ. 

എന്റെ വേവലാതി കണ്ട് മോൻ ചിരിച്ചു. “ ഉമ്മാക്കെന്താ ..അയാൾക്ക് ആ പാട്ട് വേറെ എവിടുന്നേലും കിട്ടീട്ടുണ്ടാകും. അല്ലെങ്കി തന്നെ നെറ്റീന്ന് ഡൌൺ ലോഡ് ചെയ്യാൻ അഞ്ച് മിനുട്ട് വേണ്ട.”

“ അതല്ലടാ.. എന്നാലും നമ്മളൊന്ന് അന്വേഷിക്കണ്ടെ? എന്താ പറ്റീതെന്നറിയാനുള്ള കടമ നമുക്കില്ലേടാ..”  അസ്സാസിൻ ക്രീഡിൽ പുതിയ ദൌത്യവുമായ് ശത്രുവിന്റെ പിന്നാലെ പായുന്ന അവനത് കേട്ട ഭാവമേയില്ല.

ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ലല്ലൊ എന്ന നെഞ്ചിടിപ്പിനിടയിൽ അപ്പുറത്തെ ഘനഗംഭീരമായ ശബ്ദം കേട്ട് എന്റെ ഉള്ള് കാളി.

" യെസ്, തോമസ് തരകൻ ഹിയർ.”
" സർ, ഞാൻ കോഴിക്കോട്ട് നിന്നാണു. ഈ നമ്പറിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായ് ഒരാൾ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് മാസായിട്ട് കാളൊന്നും ഇല്ല. എന്ത് പറ്റീന്നറിയാനായിരുന്നു.” 

" ശിവൻ കുട്ടിയല്ലെ..? എനിക്കറിയാം. എന്റെ ഫോണിൽ നിന്നാണു ശിവൻ കുട്ടി വിളിക്കാറ്. “

“ ശിവൻ കുട്ടി... അതേ സർ.. , എന്തു പറ്റി അയാക്ക്...? ഇയ്യിടെ വിളിക്കാറെയില്ലാലോ..”

" ഉം.. ഇനി അവൻ വിളിക്കില്ല. കഴിഞ്ഞ നവമ്പർ 28 നു അവന്റെ ശിക്ഷ നടപ്പാക്കി. മരിക്കും വരെ തൂക്കികൊല്ലൽ. “

കൈയിൽ നിന്നും ഫോൺ വീണു പോകാതിരിക്കാൻ രണ്ട് കൈയ് കൊണ്ടും ഫോൺ  മുറുകെ പിടിച്ച് ഞാനിരുന്ന് വിറച്ചു.

“ താങ്കളാരാണു....  ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”



മായന്നൂർ അങ്ങാടിയിൽ ബസിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. ചെറിയൊരങ്ങാടി, നാലഞ്ച് പെട്ടിക്കടകൾ, ഒരു ചെറിയ ചായക്കട. പെട്ടിക്കടയിൽ നിന്നും നന്നാറി സർബത്ത് വാങ്ങിക്കുടിക്കവെ ശിവൻ കുട്ടിയുടെ വീടന്വേഷിച്ച എന്നെ അയാൾ തറപ്പിച്ച് നോക്കി. 

“എന്തായിറ്റാ... ഞി പത്രത്തീന്നാ.. ന്നാ ആ വഴി കീയണ്ട... എന്തെല്ലാ ഓരെപറ്റി എഴുതിപിടിപ്പിച്ചീന്... ഞാളെ ശിവൻ കുട്ടി അമ്മാതിരിയൊന്നും ചെയ്യിക്കില്ല.” കുട്ട്യ്യോളെ ജീവനേർന്നു  ഓന്...”

.
ഞാൻ പത്രത്തീന്നല്ലാന്നും ശിവൻ കുട്ടി ജോലി ചെയ്തിരുന്ന കമ്പനീന്നാണെന്നും  നുണ പറഞ്ഞപ്പോഴാണു അയാൾ വഴി പറയാൻ തയ്യാറായത്.
“ വിലങ്ങനെ പോയിറ്റ് എടത്തോട്ട് കീഞ്ഞാ രണ്ടാമത്തെ പൊര..” ആട അടുത്തന്നാ ഓന്റെ അനിയൻ ഹരിദാസന്റ്റെ പൊരേം..”

തുരുമ്പ് പിടിച്ച് തുടങ്ങിയ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ വീശിയടിച്ച കാറ്റിൽ മുറ്റത്ത് കൂട്ടം കൂടി കിടന്നിരുന്ന കരിയിലകൾ വട്ടം ചുറ്റി പറന്നു. അടച്ചിട്ട ഉമ്മറത്ത് ആരെ വിളിക്കണമെന്നറിയാതെ നിന്ന എന്റെ മുൻപിലേക്ക് തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

" വരൂ..   കോഴിക്കോട്ട്ന്നല്ലെ. തരകൻ സാർ വിളിച്ചിരുന്നു .  എടക്ക് കാണാൻ ചെല്ലുമ്പോ ഏട്ടൻ പറയാറുണ്ടായിരുന്നു  “

ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്നു പിന്നയാൾ പറഞ്ഞ കഥ ; സമൂഹത്തിൽ നടമാടുന്ന ക്രൂരതകളും ദുഷ്ചെയ്തികളും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയായിരുന്നു. അതെങ്ങനെ ഒരാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയെന്നതിനെ പറ്റിയായിരുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും അവരെ മഴയത്ത് നിർത്തുന്ന ഇന്നാട്ടിലെ സാമൂഹിക നീതിയെ പറ്റിയും പത്ര ധർമ്മത്തെ പറ്റിയുമായിരുന്നു.

“ പാവാരുന്നു  ഏട്ടൻ, നാട്ടില് പെൺകുട്ട്യ്യോളെ നേർക്ക് അക്രമണ്ടാകുമ്പോ വല്ലാത്തെ ബേജാറായിരുന്നു  ഏട്ടനു. പിന്നെ മിന്നൂനെം പൊന്നൂനേം കുറച്ചൂ ദിവസത്തേക്ക് സ്കൂളിൽ പോലും വിടില്ല. ഏട്ടത്തീനും കുട്ട്യ്യേളേം കൊണ്ട് അകത്ത് വാതിലടച്ചിരിക്കും. “

കുറച്ച് വർഷം മുൻപ് കേരളത്തെയാകമാനം അപമാനത്തിന്റെ ചൂളയിൽ നീറ്റിയ മൂന്നു വയസ്സുകാരി പെൺകുട്ടിയുടെ മാനഭംഗവും തുടർന്നുള്ള മരണവും നമ്മളൊക്കെ വായിച്ച് സങ്കടപ്പെട്ട് എഫ് ബിയിലും ബ്ലോഗിലുമൊക്കെ പോസ്റ്റിട്ട് ഉൾ നീറ്റൽ മായ്ച്ച് കളഞ്ഞ ഒരു സാധാരണ സംഭവം മാത്രായിരുന്നു.. പക്ഷെ അന്നു രാത്രി, മക്കളുടെ ഭാവിയെ പ്രതി തപിച്ച് വെന്ത ശിവൻ കുട്ടി തന്റെ രണ്ട് മക്കളേയും ഭാര്യയേയും എന്നെന്നേക്കുമായി രക്ഷപ്പെടുത്തിക്കളഞ്ഞു. സ്വയം രക്ഷപ്പെടാൻ ശ്രമിച്ച ശിവൻ കുട്ടിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല. 

" പക്ഷെ പത്രക്കാരൊക്കെ എഴുതീത്  പൊന്നൂനെ ന്റെ ഏട്ടൻ ചീത്തയാക്കീന്നാ... അതോണ്ടാ ഏട്ടനത് ചെയ്തേന്ന്... പാവങ്ങളെ പറ്റി ആർക്കും എന്തും എഴുതാലോ...”

അയളുടെ വാക്കുകളിൽ രോഷത്തേക്കാളേറെ സങ്കടം തന്നെയായിരുന്നു നിറയെ.

അവധി ദിവസമായത് കൊണ്ടാണൊ എന്തോ ബസിൽ തിരക്ക് കുറവാണു. ആ പേരും ഡയലർ ടോണും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ആ പാട്ടൊന്നു കൂടി കേൾക്കണം. ഇയർ ഫോൺ ചെവിയിൽ തിരുകി പതിയെ സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ കണ്ണുകളടച്ചു.

‘ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..
നീ തനിച്ചല്ലേ...പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടേ..

മഴയത്തും വെയിലത്തും പോകരുതേ നീ...’

പൊടുന്നനെ  ഒരു മഴ വന്നു എന്നെയാകെ നനച്ച് കളഞ്ഞു. വേനൽ മഴ...പെയ്യട്ടെ. മുഖം തുടക്കാൻ പോലും മെനക്കെടാതെ ഞാനാ സീറ്റിൽ കണ്ണടച്ചിരുന്നു. 

..

Monday, March 11, 2013

ഉരുകിത്തീരുന്നവർ !

മനുഷ്യന്റെ നിസ്സഹായതയിൽ നിന്നാണു മൈസൂർ കല്യാണങ്ങളെ പോലുള്ള തിന്മകൾ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടെയിരിക്കുന്നത്. ഭീമമായ സ്ത്രീ ധനവും ആഭരണങ്ങളും കൊടുക്കാനില്ലാത്തെ പിതാക്കന്മാർ, തങ്ങളുടെ പെണ്മക്കൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്താഗതിയിലാണു ഈ ചതിയിൽ വീണു പോകുന്നത്. നാട്ടുനടപ്പനുസരിച്ച് ഒരു പെണ്ണിനെ ഇറക്കി വിടണമെങ്കിൽ ചുരുങിയത് ഇരുപത് പവന്റെ ആഭരണമെങ്കിലും വേണം. കൂടാതെ ഒന്നര , രണ്ട് ലക്ഷം വേറേയും കൈയിൽ കൊടുക്കണം. അഷ്ടിക്ക് വകയില്ലാത്ത പട്ടിണി പ്പാവങ്ങൾ എവിടുന്നുണ്ടാക്കാണാണു ഇത്രയും തുക? അപ്പോൾ പിന്നെ വഴി ഒന്നേയുള്ളു. ഒരു ഭാഗ്യ പരീക്ഷണം. ഒത്താൽ ഒത്തു, ഇല്ലേൽ അത് പടച്ചോന്റെ വിധി. മൂത്തവൾ ഇങ്ങനെ നിന്നാൽ ഇളയതുങ്ങൾക്കും ഒരാലോചന വരില്ല എന്നു കുത്തു വാക്കുകൾ കേൾക്കുമ്പോൾ പെണ്ണും കരുതും ഇതെന്റെ വിധി എന്നു. അല്ലെങ്കിലും അന്നേരത്ത് അവളുടെ അഭിപ്രായം ആരു ചോദിക്കുന്നു.


                                                
പുറം നാടുകളിലേക്ക് കല്യാണം ചെയ്തയക്കുന്ന തങ്ങളുടെ പെണ്മക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് പോയി നോക്കാനൊ അന്വെഷിക്കാനൊ പോലും അവർക്ക് കഴിയാറില്ല പലപ്പൊഴും. അന്യ നാട്, അറിയാത്ത ഭാഷ, ഭക്ഷണം. , ആചാരങ്ങൾ . പൊടുന്നനെ മാറ്റിപ്രതിഷ്ഠിക്കപ്പെടുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണു. മൈസൂരിലെക്ക് മാത്രമല്ല, തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിൽ നിന്നും ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ടുണ്ട്. അതിൽ ജാതി മതം ഒന്നും ഇല്ല, കാശാണു മുഖ്യം. കാശില്ലാത്തവൻ പിണം എന്ന പ്രമാണം. താമസിയാതെ മലയാളി പെൺകുട്ടികൾ ബംഗാളിലും ബീഹാറിലും എത്തും. 

ഈയവസ്ഥ മാറണമെങ്കിൽ സമൂഹം മാറേണ്ടിയിരിക്കുന്നു. പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം. ചന്തയിൽ പോത്തിനേയും മൂരിക്കും മറ്റും വിലയിടുന്ന ലാഘവത്തോടെ പെണ്ണിനു വിലയിട്ടുറപ്പിക്കുന്ന രീതി മാറിയേ തീരു, സ്ത്രീധനത്തെ ഏറ്റവും കൂടുതൽ എതിർത്ത മുസ്ലിം സമുദായത്തിനകത്ത് തന്നെയാണു ഈ ദുഷ്പ്രവണത ഏറ്റം കൂടുതൽ നടമാടുന്നത് എന്നതാണു വിരോധാഭാസം. മുസ്ലിം സ്ത്രീക്കാണു വിവാഹ സമയത്ത് മഹർ അഥവാ വിവാഹമൂല്യത്തിനു അവകാശം. അത് ചെറുക്കൻ പെണ്ണിനു കൊടുക്കുന്ന ദാനമല്ല; മറിച്ച് പെണ്ണിന്റെ അവകാശമാണു. എന്നിട്ട് നടക്കുന്നതോ? വിവാഹം നടക്കുമ്പോൾ നിക്കാഹ് നടത്തിയതിന്റെ കാശ് വാങ്ങി പോക്കറ്റിലിടാനാണു മഹല്ല് കമ്മറ്റികൾ ക്ക് ധൃതി. എന്നിട്ട് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് എണീറ്റ് പോകുക. അതല്ലാതെ ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇവെരെന്നാണു തയ്യാറാകുക? 


മാറേണ്ട ഒന്നു കൂടിയുണ്ട്. അതല്ലാതെ ഇതിനൊരു പോംവഴി ഇല്ല. തങ്ങളുടെ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും തീരുമാനങ്ങളേടുക്കാനും പ്രാപ്തരാക്കി വളർത്തുക. കല്യാണം ഒന്നിന്റേയും അവസാന വാക്കല്ല. നാട്ടുകാരുടെ അടീം കാലും പിടിച്ച് കാശ് പിരിച്ച് സ്ത്രീധനം കൊടുത്ത് മക്കളെ പെരു വഴിലാക്കുന്നതിനു പകരം അവർ സ്വന്തം വീട്ടിലെ കഞ്ഞി കുടിച്ച് കഴിയട്ടെ എന്നങ്ങ് തീരുമാനിക്കുക. അതോടൊപ്പം തന്നെ പെൺകുട്ടികളും അല്പം തന്റേടവും പക്വതയും ചെറുപ്പത്തിലേ ആർജ്ജിക്കേണ്ടിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ തങ്ങളുടെ വീടിന്റെ ഇട്ടാവട്ടത്തിലേക്ക് ഒഴുകിയെത്തുന്ന സീരിയലുകളിലേയും സിനിമകളിലേയും ദൃശ്യങ്ങൾ വെറും കല്പിത കഥകളാണെന്ന തിരിച്ചറിവ് അതിൽ പ്രധാനമാണു. അവയൊക്കെയും സംവിധായകന്റെ ഭാവനാ വിലാസങ്ങളാണെന്ന് നമ്മുടെ കുട്ടികൾ എന്നാണു മനസ്സിലാക്കുക.? അവർ പഠിക്കട്ടെ. പത്താം ക്ലാസ്സും പ്ലസ്റ്റും കഴിഞ്ഞാൽ എളുപ്പം എന്തേലും ജോലി കിട്ടാനുള്ള കോഴ്സുകളിൽ ചേരട്ടെ. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള
തന്റേടം അവൾക്കുണ്ടാവണം

                                  .

യാതൊരു വേലയും കൂലിയുമില്ലാതെ തേരാ പാര നടക്കുന്നവനും സ്ത്രീധനമെന്ന പേരിൽ വാങ്ങുന്നത് ഒന്ന് ഒന്നര ലക്ഷം ആണു, മിനിമം ആണത്. സ്വർണ്ണം കുറഞ്ഞാൽ അതനുസരിച്ച് കാശ് കൂടും. കല്യാണം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ അവനത് പണയം വെക്കുകയോ വിറ്റ് ദീവാളി കുളിക്കുകയോ ചെയ്യും. ഇതിനു വേണ്ടിയാണു പെണ്ണിന്റെ തന്തയും തള്ളയും തീ തിന്നിരുന്നത്. നാട്ടുകാർ പിരിവെടുത്ത് കല്യാണം നടത്തിയത്. ഈ ദു:സ്ഥിതി മാറണമെങ്കിൽ; മൈസൂർ കല്യാണങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണമെങ്കിൽ സ്ത്രീധനമെന്ന അനാചാരം ഇല്ലായ്മ ചെയ്താലെ പറ്റുകയുള്ളു. അല്ലെങ്കിൽ നമ്മുടെ പെണ്മക്കൾ മൈസൂറിൽ മാത്രമല്ല, ബംഗാളിലേയും ബീഹാറിലേയും അടച്ചിട്ട കുടുസ്സു മുറികളിൽ ഇനിയും വെന്തുരുകും.

Sunday, February 24, 2013

അനന്തരം..

പുലർച്ചെ  എഴുന്നേറ്റ് ഗ്രാമത്തിലെ കിണറിനടുത്തേക്ക് നടന്ന സൌദാമിനിയമ്മയാണു അത് ആദ്യം കണ്ടത്. വഴിയിലുടനീളം ഏതോ ജീവി വലിഞ്ഞ് ഇഴഞ്ഞു പോയ പാട് ; അതിങ്ങനെ ഒരു കേല പോലെ കിണറിനടുത്തേക്ക് നീണ്ടു കിടക്കുന്നു. ജിജ്ഞാസ കൊണ്ട് മുന്നോട്ട് നീങ്ങിയ അവർ,  പൊടുന്നനെ അടിവയറ്റിൽ നിന്നുയർന്ന  ഒരു കോച്ചിപ്പിടിത്തത്തിൽ സ്തംഭിച്ച് നിലത്തിരുന്നു പോയി. ഇതിനിടെ ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഉണർന്നിരുന്നു. അടിവയറും പൊത്തിപ്പിടിച്ച് തങ്ങളുടെ വാതിൽ‌പ്പടിയിലും ചവിട്ടു കല്ലിലും മറ്റും കണ്ട കേലയുടെ ഉറവിടം അന്വേഷിച്ച് അവരും കിണറിനടുത്തേക്കെത്തിയിരുന്നു. ഒട്ടുന്ന വഴു വഴുത്ത ആ ചോര ചാൽ കിണറിന്റെ ആൾമറയിൽ മുഴുക്കെ പറ്റിപ്പിടിച്ച് താഴേക്ക് ഒലിച്ചിറങ്ങിയിരുന്നു. . ചോര ചുവപ്പുള്ള കിണറിലെ വെള്ളം കണ്ട് ഗ്രാമത്തിലെ പെണ്ണൂങ്ങൾ അലമുറയിട്ടു.


ഗർഭപാത്രങ്ങൾ നഷ്ടപ്പെട്ട പെണ്ണുങ്ങൾ മുഴുവൻ വറ്റി വരണ്ട മരുഭുമി പോലെ ചുട്ടു പഴുത്തു. അവരുടെ ശരീരത്തിൽ നിന്നും ആവി പൊങ്ങി. വേവിലും ചൂടിലും പൊള്ളി നീറിയ അവരിൽ നിന്നും സ്നേഹവും പ്രണയവും രതിയുമൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു.

 സ്ത്രീകളെ പ്രാപിക്കാൻ ശ്രമിച്ച പുരുഷന്മാരൊക്കെ ഒരാന്തലോടെയും വെപ്രാളത്തോടെയും സ്ത്രീകളുടെ ശരീരത്തിൽ നിന്നും തങ്ങളെ അടർത്തി മാറ്റി ചൂളി നിന്നു. വേദനയെന്തെന്നു അവരും അറിഞ്ഞു  ആദ്യമായിട്ട്.
ഉള്ളിൽ തിളച്ച് അറിയുന്ന ലാവയെ തുറന്ന് വിടാൻ വഴി കാണാതെ പുരുഷന്മാർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി, വികസിച്ചൂ; പിന്നെ ചുവരിൽ ചാരി നിന്ന് ആശ്വാസത്തോടെ നിശ്വസിച്ചു. ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും നിറയെ ശുക്ലം ഒലിച്ചിറങ്ങി കനച്ചു കിടന്നു ; ഫോസിലുകൾ....

അനന്തരം.....; ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മധ്യേ ഭൂമി ഉലഞ്ഞാടി.

Thursday, February 21, 2013

ജാലിയൻ വാലാബാഗിലെ നിലവിളികൾ...


1919 ലെ ജാലിയന്‍ വാലാബാഗ് സംഭവത്തെ പറ്റി ബാലചന്ദ്രന്‍ മാഷ്
ഘോരഘോരം പ്രസംഗിക്കുകയാണ്.ചിലര്‍ ഉറക്കം തൂങ്ങുന്നു,മറ്റുചിലര്‍
ചിത്രം വരക്കുന്നു.ഇടക്ക് മാഷ് ചോക്കെടുത്ത് ബാക്ക് ബെഞ്ച്
നോക്കി ഒറ്റയേറ്,

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരു പ്രധാന സംഭവമായിരുന്നു
അത്.ഏത്?അബ്ദു പറയൂ?


ഉറങ്ങുകയായിരുന്ന അബ്ദു ചാടിയെണീറ്റു,തല ചൊറിഞ്ഞു.

അടുത്തിരുന്ന തോമസ് പ്രോത്സാഹിപ്പിച്ചു,ജാലിയന്‍....വാലാ..

വാലിയന്‍ ജാലാബാഗ് സര്‍ ,അബ്ദുവിന്റെ ഉത്തരം കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയി.

അതുകൊണ്ട് തന്നെയാവാം ആ സംഭവത്തിന്റെ പ്രാധാന്യമൊന്നുംഞങ്ങളാരും ഉള്‍ക്കൊണ്ടില്ല!ആ ദുരന്തത്തിന്റെ വ്യാപ്തിയും മാനുഷിക വശങ്ങളൊന്നും ഞങ്ങളെ സ്പര്‍ശിച്ചേയില്ല!

പക്ഷെ അന്ന്...., 

രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ വഴിയിലൂടെ,കഷ്ടിച്ച് ഒരു സൈക്കിള്‍ റിക്ഷക്ക് കടന്നു പോകാം;
ആ മൈതാനത്തിനകത്തേക്ക് കടന്നപ്പോള്‍ എന്റെപെരുവിരലില്‍ നിന്നുമൊരു തരിപ്പ് മുകളിലേക്ക്
കയറി.ഞാന്‍ ചുറ്റും നോക്കി,നാല് ഭാഗത്തുംരണ്ടാള്‍ പൊക്കത്തിലുള്ള കെട്ടിടങ്ങളാണ്.പിടിച്ചു
കയറാന്‍ ഒരു ജനവാതില്‍ പോലുമില്ലാത്തമരിച്ച കെട്ടിടങ്ങള്‍ .

ബാലചന്ദ്രന്‍ മാഷിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.
“പ്രവേശന കവാടത്തില്‍ നിന്നു ജനറല്‍ ഡയറുംസംഘവും നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ
വെടിവെച്ചു”മൈതാന മധ്യത്ത് വെടിയുണ്ടകളുടെ പാടുകളും
പേറി ഒരു കെട്ടിടത്തിന്റെ അവശിഷ്ടം!വെടിപ്പാടുകളിലൂടെ വിരലോടിക്കവേ എനിക്ക്
ചോര മണത്തു!

എനിക്കുചുറ്റും പ്രാണഭീതിയാല്‍ പരക്കം പായുന്ന ജനങ്ങള്‍ !നിലവിളികള്‍ ,ആക്രോശങ്ങള്‍,  
എന്റെ തല പെരുക്കുന്നപോലെ,അടുത്തു കണ്ടഒരു ചുവരിലേക്ക് ഞാന്‍ പതുക്കെ ചാരി.

ഗൈഡ് എന്നെ നോക്കി പതുക്കെ പറഞ്ഞു,“ഈ കിണറിലേക്കാണ് നൂറ് കണക്കിന്
ആളുകള്‍ ജീവനുവേണ്ടി എടുത്തുചാടിയത്,പാതിമരിച്ചവര്‍ ”

കിണറിലേക്ക് ഞാന്‍ എത്തിനോക്കി,വെള്ളത്തിന് ചോരയുടെ നിറമാണോ?

തലയും തൂക്കി പുറത്തേക്ക് നടക്കുമ്പോ പിന്നില്‍ നിന്ന് ആരോ പറഞ്ഞോ?
നീയൊക്കെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഞങ്ങളുടേയൊക്കെ സ്വപ്നങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും മീതെ കെട്ടിപ്പൊക്കിയതാണ്. ഞാന്‍ തിരിഞ്ഞു നോക്കി,ഇല്ല
അവിടെയൊന്നും ആരുമില്ല! എനിക്ക് വെറുതെ തോന്നീതാവും

Wednesday, February 13, 2013

എഴുത്തുകാരിയുടെ മുറി.



ഒരു എഴുത്തുകാരിയുടെ മുറി എങ്ങനെയാവണം. അല്ലെങ്കില്‍ അത് എങ്ങനെയിരുന്നാല്‍ എന്താണല്ലെ.
സ്വന്തമായി എഴുത്തുമുറിയുള്ള എത്ര എഴുത്തുകാരികള്‍ ഉണ്ടാകും നമുക്ക്..മീന്‍ വെട്ടിക്കഴുകുമ്പോള്‍,
അല്ലെങ്കില്‍ ദോശ നന്നായി മൊരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ ഉള്ളിലുയര്‍ന്ന് വരുന്ന അക്ഷരങ്ങളെ
ദോശക്കൊപ്പം മറിച്ചിടുമ്പോള്‍ ചിലത് നന്നായി മൊരിഞ്ഞ് പാകമായ് വരും. മറ്റ് ചില വാക്യങ്ങള്‍
അപ്പാടെ കരിഞ്ഞ് പോയിട്ടുണ്ടാകും. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും പിടിതരാതെ വഴുതിക്കളിച്ച്...



പണികളെല്ലാം  കഴിഞ്ഞ് ബെഡ് റൂമിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നോട്ട് ബുക്
 മടിയിലെടുത്ത് വെച്ചാല്‍ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തും. 
-- ഒന്നുമുണ്ടാവില്ല  മനസ്സിലപ്പോൾ. . . ശുദ്ധശൂന്യത. ആ ഒച്ചയില്ലായ്മകളിലേക്കാണു പതിയെ ഒന്നിനു
പിറകെ ഒന്നായ് ആ കാലൊച്ചകള്‍ കടന്നു വരിക. എന്റെ എഴുത്ത്മുറിയില്‍ കനച്ച് കിടക്കുന്ന
നിശബ്ദതയിലേക്ക് വന്നു വീഴുന്ന ഈ ശബ്ദങ്ങളെ  ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണു..., അത്രമേല്‍ ഞാനവയോട് ഇഴുകി ചേര്‍ന്നതിനാല്‍ ഇപ്പോഴെനിക്ക് ഓരോ കാലൊച്ചകളേയും  വേര്‍തിരിച്ചറിയാനാകും.

ആ ശബ്ദങ്ങളുടേഉടമകള്‍ ആരെന്നറിയാന്‍ ഒന്ന് തല പൊന്തിച്ച് നോക്കുക പോലും വേണ്ടനിക്ക്..,കാലടികളുടെ അമർന്ന ശബ്ദം, ഒരു മുരടനക്കൽ, അല്ലെങ്കിൽ മൊബൈലിന്റെ പരിചിതമായ കുണുങ്ങലുകൾ, അതിൽ നിന്നറിയാം ഇരുട്ടിലൂടെ കടന്നു പോകുന്നത് ആരാണെന്ന്. 

ഒരു ഫോട്ടൊക്ക് അടിക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യുന്നതിനിടയിലാവും ഒരു ചുംബനത്തിന്റെ സീൽക്കാരം ജനൽ ചില്ലയിൽ തട്ടി ,ചുമരിലെ കണ്ണാടിയിൽ തടഞ്ഞ് എന്റെ നേർക്ക് ചരിഞ്ഞ് വീഴുക. ഇവിടിരുന്നാൽ അയാളെ എനിക്ക് കാണാനാകുന്നുണ്ട്, അജ്ഞാതയായ അയാളുടെ കാമുകിയേയും. ചെറുപ്പമാണയാൾ, പ്രണയം അയാളുടെ മുഖത്തെ ജ്വലിപ്പിക്കുന്നുണ്ട്.  ഉറച്ച ആത്മ വിശ്വാസം ദ്വോതിപ്പിക്കുന്ന കാൽ വെപ്പുകൾ. അതെന്തായാലും ഈ നിമിഷം അയാളുടെ കാമുകി ഭാഗ്യവതിയാണു, ഭാവിയിൽ എന്താകുമെന്ന് ഒരുറപ്പുമില്ല. 

ഇനി വരാനുള്ളത് കുട്ടനാണു. അൽ‌പ്പം  സ്വാധീന ക്കുറവുള്ള ഇടത് കാലിലെ വള്ളിച്ചെരിപ്പ് റോഡിലുരയുന്ന ശബ്ദം കേട്ടാൽ  അപ്പുറത്തും ഇപ്പുറത്തുമുള്ള പൂച്ചകളൊന്നാകെ വഴിയിലിറങ്ങും. അവക്കറിയാം കുട്ടന്റെ കൈയിൽ അമ്പലത്തിലെ പ്രസാദം ഉണ്ടെന്നു. അമ്മിണി, ബാലു, പാറുക്കുട്ടി എന്നൊക്കെ ഈ നഗരത്തിലും പൂച്ചകൾക്ക് പേരുണ്ടെന്നു ഞാൻ അറിഞ്ഞത് അതിശയത്തോടെയാണു. ചോദിച്ചാൽ  പുഴു തിന്ന് അടർന്ന് വീഴാറായ പല്ലുകൾ കാട്ടി കുട്ടൻ  ചിരിക്കും. “ ഇവറ്റോളെ അല്ലാതെ ഞാനാരെയാ പേരെടുത്ത് വിളിക്ക്യാ...”

അജ്ഞാതനായ ആ കാമുകനേയും കുട്ടനേയും വിട്ട് എന്തേലുമെഴുതാനായുമ്പോളാവും രാമേട്ടന്റെ വരവ്. രണ്ട് വശത്തേക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആഞ്ഞു വീശി രാമേട്ടൻ നടക്കുമ്പോൾ കടുക് മണികൾ പൊട്ടിച്ചിതറുന്നത് പോലെ നാലുപാടും കൊതുകുകൾ ചത്തു വീഴും. അപ്പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലെ വാച്ച്മാനാണു രാമേട്ടൻ. ഗേറ്റടക്കുന്നതിനിടയിൽ മതിലിനു മുകളിലൂടെ ഗുഡ്നൈറ്റ് രാമേട്ടാന്ന് വിളിച്ച് പറയുന്ന എന്റെ നേരെ ബാറ്റ് വീശി അയാൾ ചിരിക്കും.” ഞ്ഞി ഒറങ്ങിക്കൊ, ഞാനീടെ ഉണ്ട്.” പാവം രാമേട്ടൻ. ജീവിതത്തിലെ സായം കാലത്ത് വീട്ടിൽ കിടന്നു വിശ്രമിക്കുന്നതിനു പകരം ഈ കൊതുക് കടിയും കൊണ്ട് രാവ് മുഴുവൻ ഉറക്കൊഴിയണം.   ഗ്രാറ്റുവിറ്റിയൊ പങ്കാളിത്ത പെൻഷനോ പോയിട്ട് അസുഖം വന്നാൽ ചികിത്സിക്കാൻ കൂടി ഗതിയില്ലാത്ത ഒരു വലിയ  വിഭാഗത്തിന്റെ പ്രതിനിധിയാണു രാമേട്ടൻ. 

ഇനി കട അടച്ച് മുഹമ്മദിക്ക് കൂടി പോയാൽ എനിക്കുറങ്ങാം. വീടിനു മുന്നിലെ നിരത്ത് മുറിച്ച് കടന്നാൽ കാണുന്നതാണു ആയിഷ സ്റ്റോർ. നേരമിരുട്ടി കടയിൽ ചെന്നാൽ മുഹമ്മദിക്ക കണ്ണുരുട്ടും . “ നീയെന്തിനേപ്പൊ വന്നെ, ഇരുട്ടത്ത്, “ , മോനില്ലെ അവിടെ..?’“
“ അവനു പരീക്ഷയാണു പഠിക്ക്യാണെന്ന് പറഞ്ഞാൽ എനിക്ക് വേണ്ടുന്ന സാധനങ്ങൾ വേഗത്തിൽ എടുത്ത് തന്ന് എന്നെ പറഞ്ഞയക്കുന്ന കരുതൽ. എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത്



ലൈറ്റോഫാക്കി ജനലടക്കാൻ നോക്കിയാൽ എത്ര ശ്രമിച്ചാലും ഒരു ജനലടയില്ല, വാടക വീടുകളുടെ മനശാസ്ത്രം അങ്ങനെയാണു, എത്ര നല്ല വീടാണേലും ഒരു കുറ്റിയോ കൊളുത്തോ ഉണ്ടാകും പിടി തരാതെ..., എന്നാലും ഈ വീടുകളെയെല്ലാം ഞാൻ സ്നേഹിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്റൊപ്പം ചിരിച്ചും കരഞ്ഞും ഈ വീടുകളുമുണ്ടായിരുന്നു എന്നും.

“ ബാമുണ്ടോ, ഇപ്പളും നല്ല വേദനയാ..” അയ്യപ്പനാണത്, ഇരുട്ടത്തും ആ ശബ്ദം കേട്ടാൽ എനിക്കറിയാം. കഴുത്തും തിരുമ്മി അയ്യപ്പൻ വന്നു നിൽക്കുമ്പോൾ ഇത്രകാലം കഴിഞ്ഞിട്ടും എനിക്ക് സങ്കടം വരും. തൂങ്ങിമരിച്ചതാണു അയ്യപ്പൻ. എന്തിനാണു എന്റടുത്ത് എപ്പളും ഇങ്ങനെ വരണേന്നു ചോദിച്ചാൽ അയ്യപ്പൻ കണ്ണു നിറക്കും, “ എന്നെ ഓർക്കണൊരടുത്തല്ലെ ഞാൻ പോവ്വാ..”

സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പൻ. ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. ക്ലാസ്സ് മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ആ രൂപം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. മാഞ്ഞു പോണില്ല ഒന്നും.

ഇനി വരിക പാത്തേബിയാണു. മുലകൾ വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ കരയുമ്പോൾ കൈകൾ നെഞ്ചത്തമർതത്തി ഞാൻ കമിഴ്ന്നു കിടക്കും. എനിക്ക് കാണാൻ വയ്യ അത്. പാത്തേബി എന്നു എല്ലാവരും വിളിച്ചിരുന്ന ഫാത്തിമകുട്ടി. പെറ്റ് നാല്പത് നാൾ തികയും മുൻപ് കെട്ടിയവൻ ചവിട്ടിക്കൊന്നവൾ. സംശയമായിരുന്നു ആ കാലമാടന്റെ മനസ്സു നിറയെ. സ്കൂളിലേക്കുള്ള എളുപ്പ വഴിയായിരുന്നു ഞങ്ങൾക്ക് പാത്തേബിയുടെ പുരയിടം. ഇടവഴി കയറി പുരക്ക് മുന്നിലൂടെ ചുറ്റി വന്നാൽ റെയിൽ പാളമായി, പാളം മുറിച്ച് കടന്നാൽ ഒറ്റയോട്ടത്തിനു സ്കൂളിലെത്താം. നീല ഞരമ്പോടിയ കൈതണ്ടയിൽ നിറയെ കറുത്ത കുപ്പിവളകളും മൈലാഞ്ചി ചോപ്പുമായി പാത്തേബിയുണ്ടാകും മുറ്റത്ത്. ആ മൊഞ്ചത്തിയാണു ഇങ്ങനെ  പാലൊലിക്കുന്ന നെഞ്ചുമായി മുന്നിൽ വന്ന് നിൽക്കുന്നതെന്ന് വിശ്വസിക്കാനാകില്ല.   മരിച്ചവർക്കും വയസ്സാകുമെന്നു  ആരെങ്കിലും പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തി ഇല്ല  !


മരിച്ചവരെന്തിനാണു എനിക്ക് ചുറ്റും ഇങ്ങനെ  അലയുന്നത്..? കേൾക്കാനാകുന്നില്ല ആ ഞരക്കങ്ങൾ.